തൊടുപുഴ: അബദ്ധത്തിൽ പാലത്തിൽ നിന്നും തൊടുപുഴയാറിലേക്കു വീണ പണമടങ്ങിയ ബാഗ് യുവാവ് സാഹസികമായി നീന്തിയെടുത്ത് ഉടമയ്ക്കു കൈമാറി. ഇന്നലെ രാവിലെ തൊടുപുഴ പാലത്തിൽ നിന്നും കരിങ്കുന്നം സ്വദേശി മാത്യൂസിന്റെ ഒന്നര ലക്ഷം രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗാണ് തൊടുപുഴയാറിലേക്ക് വീണത്.
ബസിൽ കയറാൻ നടപ്പാലത്തിലൂടെ ധൃതിയിൽ നടന്നു വരികയായിരുന്ന മാത്യൂസിന്റെ കൈയിൽ നിന്നും ബാഗ് കൈവരിയിൽ തട്ടി അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു. ജലനിരപ്പുയർന്ന പുഴയിൽ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. ബാഗ് പുഴയിലൂടെ ഒഴുകി പോകുന്നത് നിസഹായനായി നോക്കി നിൽക്കാനേ മാത്യുസിനു കഴിഞ്ഞുള്ളൂ.
പരിഭ്രാന്തനായി അന്പലംകടവിലേക്ക് ഇയാൾ ഓടി വന്നു. ഇവിടെയുണ്ടായിരുന്ന ഏതാനും ചെറുപ്പക്കാരോട് മാത്യൂസ് വിവരം പറഞ്ഞു. ഉടൻ തന്നെ ഇവർക്കൊപ്പമുണ്ടായിരുന്ന തൊടുപുഴ തയ്യക്കോടത്ത് അർജുൻ ശക്തമായ ഒഴുക്കുള്ള പുഴയിലേക്ക് ചാടി നീന്തി ചെന്ന് ബാഗ് എടുത്ത് തിരികെ നീന്തിയെത്തി. കനത്ത അടിയൊഴുക്കിനെ അവഗണിച്ചാണ് അർജുൻ ബാഗ് നീന്തിയെടുത്തത്. പിന്നീട് അർജുൻ ബാഗ് മാത്യൂസിന് കൈമാറി.