സി.സി.സോമൻ
കോട്ടയം: ദുരിതാശ്വാസ ക്യാന്പിലെ താരമായി മാറി ഏഴാം ക്ലാസുകാരനായ അർജുൻ. ഇളംമനസിലെ അതിരില്ലാത്ത ഭാവനകൾക്ക്് നിറം പകരുകയാണ് ഈ കൊച്ചുകലാകാരൻ. ചാലുകുന്ന് സിഎൻഐ എൽപി സ്കൂളിലെ ക്ലാസ് മുറിയിലെ ബോർഡിൽ നിറയെ അർജുൻ വരച്ച ചിത്രങ്ങളാണ്.
വീടും വീട്ടുപകരണങ്ങളുമെല്ലാം വെള്ളത്തിലായതിന്റെ ദു: ഖം പങ്കിടുന്ന അച്ഛനും അമ്മയ്ക്കും ആശ്വാസം പകരുന്നത് അർജുന്റെ ചിത്ര രചന തന്നെ. പത്രങ്ങളിലും മാസികകളിലും വരുന്ന ചിത്രങ്ങൾ നോക്കി അതേ പടി പകർത്തുന്നതിൽ അർജുൻ മിടുക്കനാണ്. വീടും സീനറികളും മാത്രമല്ല ഫുട്ബോൾ ഇതിഹാസം റൊണാൾഡോ വരെ ഈ കൊച്ചുകലാകാരന്റെ വരകളിൽ വിരിയുന്നു.
ചാലുകുന്ന് തൈതറയിൽ ഷിബുവിന്റെയും ബിന്ദുഷിബുവിന്റെയും മകനാണ് ടി.എസ്.അർജുൻ. അർജുന്റെ സഹോദരി ഒന്നാം ക്ലാസിൽ പഠിക്കുന്ന മീനാക്ഷിയും ഷിബുവിന്റെ അച്ഛനും അമ്മയും അനുജനും അടങ്ങുന്ന കുടുംബം തിങ്കളാഴ്ചയാണ് ദുരിതാശ്വാസ ക്യാന്പിൽ അഭയം തേടിയത്. ഇവരുടെ വീട് പൂർണമായി വെള്ളത്തിനിടിയിലായി. ടിവി ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ നശിച്ചു.
ചുങ്കം സിഎംഎസ്് സ്കൂളിലെ ഇംഗ്ലീഷ് മീഡിയം ഏഴാം ക്ലാസിലാണ് അർജുൻ പഠിക്കുന്നത്. പഠനത്തിലും മികവ് കാട്ടുന്ന ഈ കുട്ടി ചിത്ര രചനാ രംഗത്തെ ഭാവി വാഗ്ദാനമാണ്. 19 കുടുംബങ്ങളിലായി 70 ആളുകൾ സിഎൻഐ എൽപി സ്കൂളിലെ ക്യാന്പിൽ കഴിയുന്നു.
സ്കൂൾ ഹെഡ്മാസ്റ്റർ സാം ജോണ്സണ് ദുരിതബാധിതർക്ക് എല്ലാസഹായവും വാഗ്ദാനം ചെയ്ത് സദാസമയവും സ്കൂളിലുണ്ട്. വെള്ളം കയറിയതിനെ തുടർന്ന് ട്രാൻസ്ഫോർമർ വെള്ളത്തിലായതിനാൽ രണ്ടാം ദിവസം ക്യാന്പിൽ വൈദ്യുതി ലഭിച്ചില്ല. ഇന്നലെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി മറ്റൊരു ലൈനിൽ നിന്ന ക്യാന്പിലേക്ക് വൈദ്യുതി എത്തിച്ചു.