സ്വന്തം ലേഖകൻ
കണ്ണൂർ: കോഴിക്കോട് സ്വർണം പിടികൂടിയ കേസിൽ അഴീക്കോട് സ്വദേശി അർജുൻ ആയങ്കിയുടെ കാർ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.
അഴീക്കോട് നിന്നും പട്ടാപകൽ അപ്രത്യക്ഷമായ കാർ അഞ്ച് പോലീസ് സ്റ്റേഷൻ പരിധി കഴിഞ്ഞാണ് പരിയാരം ആയുർവേദ മെഡിക്കൽ കോളജിന് സമീപത്തെ കുന്നിൻ മുകളിൽ ഇന്നലെ കണ്ടെത്തിയത്.
വളപട്ടണം, കണ്ണപുരം, പഴയങ്ങാടി, തളിപറന്പും പോലീസ് സ്റ്റേഷനുകളും കഴിഞ്ഞ് പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് വിവാദമായ കാർ കണ്ടെത്തിയത്.
പട്ടാപകലാണ് കാർ അഴീക്കോട് നിന്നും കൊണ്ടുപോകുന്നത്. മാത്രമല്ല വളപട്ടണം വെസ്റ്റേൺ ഇന്ത്യാ കമ്പനിക്ക് സമീപം മുതൽ പരിയാരം എത്തുന്നതിനിടയിൽ നിരവധി സിസിടിവി കാമറകൾ റോഡിൽ സ്ഥാപിച്ചിട്ടുണ്ട്.
പ്രമാദമായ ഒരു കേസിൽപ്പെട്ടയാളുടെ കാർ പട്ടാപകൽ ഓടിച്ച് പോയിട്ടും അഞ്ച് പോലീസ് സ്റ്റേഷനിലെ സിസിടിവിൽ ദ്യശ്യങ്ങളിൽ കാണാൻ സാധിച്ചില്ലെന്നത് പോലീസിന്റെ ഗുരുതര വീഴ്ചയായി കണക്കാക്കുന്നു.
പരിയാരത്ത് കാർ കണ്ടതാവട്ടെ പശുവിന് പുല്ലരിയാൻ പോയവരും. കാർ പോലീസ് പരിശോധിച്ച് വരികയാണ്. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം അർജുൻ ആയങ്കിയുടെ പേരിൽ ഏഴ് കേസുകൾ നിലവിലുണ്ട്.
ടൗൺ പോലീസ് സ്റ്റേഷനിലും കേസുകളുണ്ട്. കോഴിക്കോട് വിമാനത്താവളത്തിൽ 2.33 കിലോഗ്രാം സ്വർണം പിടികൂടിയ കേസിൽ അഴീക്കോട് അഴീക്കൽ സ്വദേശി അർജുൻ ആയങ്കിയുടെ വീട്ടിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയതിനു പിന്നാലെയാണ് കാർ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
സ്വർണക്കടത്ത് നടന്ന ദിവസം ഈ കാർ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു.പൂട്ടിയിട്ട അഴീക്കൽ സുൽക്ക ഉരു ഷെൽട്ടറിൽ തൂണിന്റെ മറവിലാണ് കാർ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്.
എന്നാൽ മണിക്കൂറുകൾക്കുള്ളിൽ കാർ അപ്രത്യക്ഷമാകുകയും ചെയ്തു.നാട്ടുകാരാണ് കാർ കണ്ടെത്തിയത്. കാർ കണ്ടെത്തിയതറിഞ്ഞ് വളപട്ടണം പോലീസ് സ്ഥലത്തെത്തുന്പോഴക്കും അജ്ഞാതർ കാറുമായി കടന്നിരുന്നു.
ഈ കാറാണ് പിന്നീട് നന്പർ പ്ലയിറ്റ് എടുത്തുമാറ്റിയ നിലയിൽ പരിയാരത്ത് കണ്ടെത്തിയത്. അർജുന്റെ ഗുണ്ടാസംഘത്തിൽ പെട്ടവർ ആയിരിക്കാം കാർ കടത്തിയതെന്നാണ് പോലീസിന്റെ സംശയം.