ആലുവ: ഒമ്പതു മാസത്തെ തീവ്ര പരിശീലനം പൂർത്തിയാക്കി സ്വർണ മെഡലോടെ ഒന്നാമനായി അർജുൻ എത്തി.
എറണാകുളം റൂറൽ ജില്ലാ പോലീസിന്റെ ഡോഗ് സ്ക്വാഡിന് ഇനി മുതൽ അർജുന്റെ കൂടി കരുത്തും കാവലുമുണ്ടാകും.
സ്ഫോടക വസ്തുക്കൾ കണ്ടുപിടിക്കുന്നതിന് മിടുക്കനാണ് ബെൽജിയൻ മാലിനോയിസ് ഇനത്തിൽപ്പെട്ട ഈ നായ്ക്കുട്ടി.
കഴിഞ്ഞ ദിവസമാണ് കേരള പോലീസ് അക്കാദമിയിലെ പരിശീലനത്തിനു ശേഷം ഗോൾഡ് മെഡലോടെ അർജുൻ റൂറൽ പോലീസിന്റെ കെ9 സ്ക്വാഡിൽ അംഗമായത്. ഇതോടെ സ്ക്വാഡിൽ ഈ ഇനത്തിൽപ്പെട്ട രണ്ടു നായകൾ കൂടിയായി.
മൂന്ന് ലാബും ഒരു ബീഗിളും ഉൾപ്പടെ ആറ് ശ്വാനൻമാരാണ് കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് പോലീസിന് സഹായികളാകുന്നത്.
ഭയം കൂടാത ദുരന്തമുഖത്ത് പാഞ്ഞ് കയറുകയെന്നത് ബെൽജിയൻ മാലിനോയ്സിന്റെ പ്രത്യേകതയാണ്.
ലോക രാജ്യങ്ങളിൽ പോലീസ് കമാണ്ടോ വിംഗിൽ അവിഭാജ്യ ഘടകമാണ് ഈ ഇനത്തിലെ നായകൾ.
ബുദ്ധിശക്തിയിലും ഘ്രാണശക്തിയിലും കൃത്യനിഷ്ഠയിലും ഒന്നാമതാണിവർ.
സ്ഫോടക വസ്തുക്കൾ കണ്ടെത്തി കഴിഞ്ഞാൽ കൃത്യമായി സേനയ്ക്ക് വിവരം നൽകുവാൻ ഇവർക്ക് കഴിയുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
പാസിംഗ് ഔട്ടിനു ശേഷം ആലുവയിലെ ജില്ലാ പോലീസ് ആസ്ഥാനത്താണ് അർജുൻ ആദ്യമെത്തിയത്. എൽദോ ജോയി, കെ.എം. ഹരികൃഷ്ണൻ എന്നീ ഉദ്യോഗസ്ഥരാണ് അർജുന്റെ പരിശീലകർ.