ചോറ്റാനിക്കര: പട്ടാപ്പകൽ വീട്ടിൽ കയറി വയോധികയുടെ മാല പൊട്ടിച്ച കേസിൽ വയോധികയുടെ ചെറുമകനേയും സുഹൃത്തിനേയും ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തു.
ചോറ്റാനിക്കര ഉദയകവലയിൽ ആനച്ചാലിൽ കമലാക്ഷി (70)യുടെ ഒന്നര പവൻ സ്വർണ മാല കവർന്ന കേസിലാണ് ആമ്പല്ലൂർ മാടപ്പിള്ളി വീട്ടിൽ ആദർശ് (24), കമലാക്ഷിയുടെ ചെറുമകൻ ആനച്ചാലിൽ അർജുൻ (23) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.
അർജുന്റെ വീട് ഇതല്ലേ എന്നു ചോദിച്ച് കമലാക്ഷിയുടെ വീട്ടിലെത്തി അകത്തേക്ക് കയറിയ ആദർശ് വയോധികയുടെ മാല പൊട്ടിച്ച് പുറത്തുകടന്ന് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ സംബന്ധിച്ച് സൂചന ലഭിച്ചത്. ആദർശിനെ ചോദ്യം ചെയ്തപ്പോഴാണ് ചെറുമകൻ അർജുനനും പങ്കാളിയാണെന്നു കണ്ടെത്തിയത്.
ആദർശിന്റെ ബൈക്കിന് സി.സി തുക അടയ്ക്കുന്നതിനാണ് ഇരുവരും ചേർന്ന് പദ്ധതിയൊരുക്കിയതെന്ന് പോലീസ് പറഞ്ഞു. 15000 രൂപ ആദർശിനും ബാക്കി തുക അർജുനന് നൽകണമെന്നുമായിരുന്നു ധാരണ.
ചോറ്റാനിക്കര പോലീസ് ഇൻസ്പെക്ടർ ജയപ്രസാദ് നേതൃത്വത്തിൽ എസ്ഐമാരായ കെ.മോഹനൻ, വിജയകുമാർ, എഎസ്ഐ ജയപ്രസാദ്, സിപിഒമാരായ ജയദീപ്, വിഷ്ണുപ്രസാദ്, അഭിലാഷ്, ഷിയാസ്, അജ്മൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.