മരട്: ലഹരി മാഫിയകളുടെ കുടിപ്പകയുടെ ഒടുവിലത്തെ ഇരയാണ് കുമ്പളം സ്വദേശി അർജുൻ എന്ന ചെറുപ്പക്കാരൻ. മരട്, കുമ്പളം, നെട്ടൂർ പ്രദേശങ്ങൾ ഏറെ കാലമായി മയക്കുമരുന്നു മാഫിയാ-ക്രിമിനൽ സംഘങ്ങളുടെ പിടിയിലാണ്. കുമ്പളം പ്രദേശത്ത് അർജുന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല.
ലഹരി മാഫിയാ സംഘങ്ങളുടെ പതിനൊന്നാമെത്തെ ഇരയാണ് ഈ ഇരുപതുകാരൻ. ലഹരി മാഫിയകൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്താൻ പോലീസ് മടി കാട്ടുന്നതാണ് പ്രദേശത്ത് പ്രശ്നങ്ങൾ വഷളാകാൻ കാരണമെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.
അർജുനെ കൊന്നു കല്ലു കെട്ടി ചതുപ്പിൽ താഴ്ത്തിയ സംഭവത്തിൽ പരാതി ലഭിച്ചിട്ടും കാര്യമായ അന്വേഷണം തുടക്കത്തിലേ നടത്താൻ പോലീസ് വിമുഖത കാട്ടിയത് എന്തെന്ന കാര്യം ദുരൂഹമായി തുടരുന്നു. ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് ഒരാഴ്ച കഴിഞ്ഞിട്ടും കാര്യമായ നടപടി സ്വീകരിച്ചില്ല. ഒടുവിൽ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി നൽകേണ്ടതായും വന്നു