കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ട കോഴിക്കോട് വേങ്ങേരി കണ്ണാടിക്കൽ മൂരാടിക്കുഴിയിൽ അർജുന്റെ കുടുംബത്തിനുനേരേ രൂക്ഷമായ സൈബർ ആക്രമണം. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനും മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയ്ക്കുമെതിരേ അർജുന്റെ കുടുംബം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെയാണ് സൈബർ ആക്രമണം ശക്തമായത്.
ആത്മാർഥമായി സഹായിക്കാനിറങ്ങിയവർക്ക് ഇതാണ് പ്രതിഫലമെന്നു ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ ആളുകൾ അർജുന്റെ കുടുംബത്തെ പൊങ്കാലയിടുന്നത്. അർജുന്റെ ഭാര്യക്കു ജോലി നൽകിയതിനെയും ആളുകൾ വിമർശിക്കുന്നുണ്ട്. മനാഫിനെ പിന്തുണച്ചു കൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ ഏറെയും.
അർജുന്റെ പേരിൽ പണം പിരിച്ചുവെന്നും തങ്ങളുടെ വൈകാരികത ചൂഷണം ചെയ്ത് യുട്യൂബ് ചാനലിന്റെ വ്യൂവേഴ്സിനെ കൂട്ടാൻ ശ്രമിച്ചുവെന്നതടക്കം മനാഫിനും ഈശ്വർ മാൽപെയ്ക്കുമെതിരേ അർജുന്റെ കുടുംബം അതിഗുരുതര ആരോപണങ്ങളാണ് ഇന്നലെ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. പണം പിരിച്ചിട്ടില്ലെന്നും അങ്ങനെയുണ്ടെന്നു തെളിയിച്ചാൽ തന്നെ കല്ലെറിഞ്ഞുകൊല്ലാമെന്നുമാണ് ആരോപണങ്ങൾക്ക് മനാഫ് മറുപടി നൽകിയത്.
പുതിയ ലോറിക്ക് അർജുന്റെ പേര് നൽകരുതെന്നു കുടുംബം ആവശ്യപ്പെട്ടതിനോട് അനുകൂലമായല്ല മനാഫ് പ്രതികരിച്ചത്. യുട്യൂബ് ചാനൽ തുടങ്ങുന്നതിൽ എന്താണ് കുഴപ്പമെന്നു മനാഫ് പ്രതികരിച്ചതോടെ വിവാദങ്ങൾ തത്കാലം അവസാനിക്കില്ലെന്നാണ് സൂചന.
അർജുന്റെ പേര് ടാറ്റ, മാരുതി പോലെ ബ്രാൻഡഡ് അല്ലാത്തതിനാൽ അർജുൻ എന്ന പേരു തന്നെ നൽകുമെന്നു തന്നെയാണ് മനാഫ് ഉറപ്പിച്ചു പറയുന്നത്. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നത് നിർത്തണമെന്ന് മനാഫിനോടു കാലുപിടിച്ച് പറഞ്ഞിരുന്നതായും ഇനിയും നിർത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നുമാണ് അർജുന്റെ കുടുംബം ഇന്നലെ വ്യക്തമാക്കിയത്.
മനാഫ് മാധ്യമങ്ങൾക്കു മുന്നിൽ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൊതുജനങ്ങളാരും മനാഫിന് പണം നൽകരുതെന്നും തങ്ങൾ അത് സ്വീകരിക്കുന്നില്ലെന്നും യൂട്യൂബ് ചാനലുകളിൽ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം വ്യക്തമാക്കിയിരുന്നു.
യൂട്യൂബ് ചാനലുകളിൽ പ്രചരിപ്പിക്കുന്നത് അർജുന് 75,000 രൂപ ശന്പളം കിട്ടിയിട്ടും ജീവിക്കാൻ സാധിക്കുന്നില്ലെന്നാണ്. ഇതുവരെ അർജുന് 75,000 രൂപ സാലറി കിട്ടിയിട്ടില്ല. അർജുന്റെ പണം ഉപയോഗിച്ചു ജീവിക്കുന്ന സഹോദരിമാർ, സഹോദരന്മാർ എന്നിങ്ങനെയും ആക്ഷേപങ്ങൾ നേരിടുന്നുണ്ട്. അർജുൻ മരിച്ചത് നന്നായെന്ന കമന്റുകൾ ഉൾപ്പെടെ കണ്ടെന്നും ഇത് വേദനയുണ്ടാക്കിയെന്നും ജിതിൻ പറയുന്നു.
അർജുന്റെ മകൻ അയാനെ നാലാമത്തെ കുട്ടിയായി വളർത്തുമെന്ന് മനാഫിന്റെ പ്രതികരണം അർജുന്റെ ഭാര്യ കൃഷ്ണപ്രിയയെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും അങ്ങനൊരു ആവശ്യം തങ്ങൾ മുന്നോട്ടു വച്ചിട്ടില്ലെന്നും കുടുംബം പറയുന്നു.
അതിനിടെ അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾ ഈശ്വർ മാൽപെയും നിഷേധിച്ചു.
പ്രതിഫലം മോഹിച്ചല്ല അർജുനെ കണ്ടെത്താൻ ഇറങ്ങിയതെന്നും കുടുംബത്തിന്റെ ആരോപണങ്ങൾ വിഷമിപ്പിച്ചുവെന്നും ഈശ്വർ മാൽപെ പ്രതികരിച്ചു. മൂന്നാം ഘട്ട തെരച്ചിലിൽ മാൽപെയുടെ ആവശ്യമുണ്ടായിരുന്നില്ലെന്നും മാൽപെയും മനാഫും നാടകം കളിച്ച് രണ്ട് ദിവസം നഷ്ടമാക്കിയെന്നുമാണ് അർജുന്റെ കുടുംബം ആരോപിച്ചത്.