കണ്ണാടിക്കൽ: ഗംഗാവലി പുഴയുടെ ആഴങ്ങളിൽ മറഞ്ഞ അർജുൻ എന്ന ലോറി ഡ്രൈവറിലേക്ക് കേരളം മുഴുവൻ ചുരുങ്ങിയ നിമിഷങ്ങൾക്കാണ് കണ്ണാടിക്കൽ ഗ്രാമം സാക്ഷ്യം വഹിച്ചത്. ഉൗണും ഉറക്കവുമൊഴിഞ്ഞ് രണ്ടു മാസത്തോളം കേരളം മുഴുവൻ നെഞ്ചിടിപ്പോടെ കാത്തിരുന്നതിന്റെ പരിസമാപ്തിയായി ജീവനോടെയല്ലെങ്കിലും സ്വന്തം വീട്ടിൽ തിരിച്ചെത്തിയ അർജുന് അന്തിമോപചാരമർപ്പിക്കാൻ കാത്തുനിന്നത് ആയിരങ്ങളാണ്.
നിങ്ങളുടെ മകനെ ഞാൻ തിരിച്ചുകൊണ്ടുവരുമെന്നു അർജുന്റെ അമ്മയ്ക്ക് വാക്കുകൊടുത്തു മടങ്ങിയ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും മൃതദേഹത്തോടൊപ്പം കണ്ണാടിക്കലിലെ മൂരാടിക്കുഴിയിൽ വീട്ടിലെത്തിയിരുന്നു. വീട്ടുകാരെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ഹൃദയവേദനയിൽ നീറിയ ഈശ്വർ മാൽപെ എന്ന മനുഷ്യ സ്നേഹിയുടെ മുഖം പോലും അർജുനെ കാണാൻ കാത്തുനിന്നവരെ കരയിപ്പിക്കുന്നതായിരുന്നു.
ഷിരൂരിൽ നിന്ന് അർജുന്റെ മൃതദേഹവും വഹിച്ചു കൊണ്ടെത്തിയ ആംബുലൻസിലാണ് ഈശ്വർ മാൽപെ വീട്ടിലെത്തിയത്. അർജുനെ കണ്ടെത്താൻ ദുരന്തമുഖത്ത് വേവലാതിയോടെ ഓടിനടന്ന ലോറി ഉടമ മനാഫിനും വീട്ടുകാരോട് പറയാൻ വാക്കുകളില്ലായിരുന്നു. 72 ദിവസത്തോളം ദുരന്തമുഖത്ത് തന്പടിച്ച് അർജുനെ കണ്ടെത്താൻ അധികാരികളുടെ കാലുപിടിച്ചു കരഞ്ഞ മനാഫിന്റെ വാക്കുകളെ കണ്ണീർ വിഴുങ്ങി.
കുടുംബം പുലർത്താൻ കഠിനമായി അധ്വാനിക്കുന്നതിനൊപ്പം നാട്ടിലെ ഏതുകാര്യത്തിനും ഓടിയെത്തിയിരുന്ന ഒരു പൊതുപ്രവർത്തകനെ കൂടിയാണ് നഷ്ടമായത്. കണ്ണാടിക്കൽ യുവജന ആർട്ട്സ് ക്ലബ്ബിന്റെ പ്രവർത്തക സമിതി അംഗമായിരുന്നു അർജുൻ. ഡിവൈഎഫ്ഐയിലും സജീവമായിരുന്നു.
മെഡിക്കൽ കോളജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറുകളുമായെത്തുന്ന അർജുന്റെ മുഖമാണ് പലരുടെയും മനസിൽ തെളിഞ്ഞത്. അർജുന്റെ കയ്യിൽ നിന്നും സ്നേഹവായ്പുകളേറ്റു വാങ്ങിയവരെല്ലാം അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരുന്നു.
രാവിലെ വീട്ടിലെത്തിച്ച മൃതദേഹം ഏകദേശം ഒന്നര മണിക്കൂറോളം സമയം പൊതുദർശനത്തിനു വച്ചശേഷം സംസ്കരിക്കാനായിരുന്നു തീരുമാനം.
എന്നാൽ അപൂർവമായ ജനത്തിരക്ക് കാരണം പൊതുദർശനത്തിന് മണിക്കൂറുകൾ എടുത്തു. അർജുന്റെ വീട്ടിലും പരിസരത്തുമായി തടിച്ചുകൂടിയ ആളുകൾക്കെല്ലാം അന്തിമോപചാരം അർപ്പിക്കാൻ അവസരം നൽകിയശേഷം മൃതദേഹം സംസ്കരിച്ചു.