മരട്(കൊച്ചി): നെട്ടൂരിൽ കായലോരത്തെ കുറ്റിക്കാട്ടിൽ ചെളിയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കുന്പളം മന്നനാട്ട് വിദ്യന്റെ മകൻ അർജുനെ (20)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അർജുന്റെ സുഹൃത്തുക്കളും നെട്ടൂർ സ്വദേശികളുമായ കുനലക്കാട്ട് വീട്ടിൽ റോണി (23), കളപ്പുരയ്ക്കൽ വീട്ടിൽ അനന്ദു (21), തട്ടാശേരിയിൽ വീട്ടിൽ അജിത് കുമാർ (22) എന്നിവരെയാണു പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവന്നിരുന്ന ഇവരുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. പ്രതികളെ ചോദ്യം ചെയ്തതിൽനിന്നുമാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. പ്രായപൂർത്തിയാകാത്ത ഒരു കൗമാരക്കാരൻകൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. കേസിൽ കൗമാരക്കാരന്റെ പങ്ക് അന്വേഷിച്ചുവരികയാണെന്നും ഇയാൾക്ക് പങ്കുണ്ടെന്നു തെളിഞ്ഞാൽ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.
അർജുനെ പ്രതികൾ സംഘം ചേർന്നു കൊലപ്പെടുത്തിയശേഷം ചതുപ്പിൽ താഴ്ത്തുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. ഇന്നലെ വൈകിട്ടോടെ നെട്ടൂർ മേൽപാലത്തിൽനിന്നും ഒരു കിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിന് പടിഞ്ഞാറ് ഭാഗത്തായി ആൾതാമസമില്ലാത്ത സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
യുവാവിനെ ഒരാഴ്ച് മുന്പ് കാണാതായതായി പനങ്ങാട് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ടിനു രാത്രി മുതലാണു യുവാവിനെ കാണാതായത്. ചില സുഹൃത്തുക്കൾ വീട്ടിൽനിന്നും വിളിച്ചിറക്കിക്കൊണ്ട് പോകുകയായിരുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. സുഹൃത്തുക്കളായ ഇവരെ സംശയിക്കുന്നതായും വ്യക്തമാക്കിയിരുന്നു.
എന്നാൽ, പനങ്ങാട് പോലീസ് ഇവരെ വിളിച്ച് ചോദ്യം ചെയ്തു വിട്ടയച്ചു. ബുധനാഴ്ച അർജുന്റെ പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തിരുന്നു. ഇതോടെ ജനപ്രതിനിധികളും മറ്റും സംഭവത്തിൽ ഇടപെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥൻമാരുടെ നിർദേശമനുസരിച്ച് അന്വേഷണം ഊർജിതമാക്കി. പിന്നീട് സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്തതിൽനിന്നുമാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
മൃതദേഹം കെട്ടി താഴ്ത്തിയ സ്ഥലം കണ്ടെത്തിയെങ്കിലും ഇവിടെ എത്തിച്ചേരാൻ ഇന്നലെ കഴിഞ്ഞിരുന്നില്ല. മൃതേഹം പുറത്തെടുക്കാനുള്ള ശ്രമം ഇന്നും തുടരുകയാണ്. മൃതദേഹത്തിന് അടുത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇന്ന് രാവിലെ ഒൻപതോടെ ആർഡിഒയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലെത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.