വൈപ്പിൻ : സിപിഐയുടെ കരുണയിൽ ആരുംപോരുമില്ലാത്ത വയോധിക ദന്പതികൾക്കും മകൾക്കും സുരക്ഷിത ഭവനം ഒരുങ്ങുന്നു. എളങ്കുന്നപ്പുഴ പഞ്ചായത്ത് 17-ാം വാർഡിൽ മുരുക്കുംപാടം പടിഞ്ഞാറ് താമസിക്കുന്ന കോഴിക്കുളത്ത് വീട്ടിൽ അർജുനൻ -പ്രേ ദന്പതികൾക്കാണ് സിപിഐയുടെ കാരുണ്യഭവനമൊരുങ്ങുന്നത്.
എഴുപത്തിയെട്ടുകാരനായ അർജ്ജുനനും ഭാര്യയും മകളും പ്ലാസ്റ്റിക് ഷീറ്റും ചാക്കും വിലിച്ചു കെട്ടി നിർമിച്ച ഷെഡിലാണ് അന്തിയുറങ്ങുന്നത്. മഴയായതോടെ ഓടുകൾ പൊട്ടി ചോർന്നലിക്കുന്ന ഒറ്റമുറി ഷെഡിൽ ഇവരുടെ ജീവിതം ദുരിതമയമായി.
എഴുപത്തിയെട്ടാം വയസിലും വല്ലപ്പോഴുമൊക്കെ ലഭിക്കുന്ന കൂലിപ്പണിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് മുന്ന് വയറുകൾ കഴിഞ്ഞുപോകുന്നത്. പഞ്ചായത്തിൽ നിന്നും യാതൊരു ആനുകൂല്യങ്ങളും കിട്ടാതെ വിഷമിച്ച ആ കുടുംബത്തിന്റെ ആവലാതി കേൾക്കാനും ആരുമില്ലാതെ വന്നപ്പോൾ ഇവരെ രണ്ട് കൈയും നീട്ടി സഹായിക്കാനൊരുങ്ങിയത് മുരുക്കുംപാടത്തെ സിപിഐ നേതാക്കളായ ഡോളർമാൻ കോമത്ത്, കെ എ മനോഹരൻ, ഡെൻസൻ കോമത്ത് എന്നിവരാണ്.
ഈ കുടുംബത്തിന്റെ ദുരവസ്ഥ ഇവർ പാർട്ടിയിലെ മുതിർന്ന നേതാക്കളായി ജില്ലാ സെക്രട്ടറി പി.രാജു, ജില്ലാ കൗണ്‍സിൽ അംഗങ്ങളായ മജ്നുകോമത്ത്, കെ .എൽ .ദിലീപ് കുമാർ , വൈപ്പിൻ മണ്ഡലം സെക്രട്ടറി ഇ.സി ശിവദാസ്, ലോക്കൽ സെക്രട്ടറി പി .എ ബോസ് എന്നിവരുമായി പങ്കുവെച്ചപ്പോൾ അനുകൂലമായ പ്രതികരണമായിരുന്നു ലഭിച്ചത് ഇതോടെ പൊതുജനങ്ങളുടെ സഹായത്തോടെ വീടു നിർമ്മിച്ച് നൽകാൻ മുന്നിട്ടിറങ്ങുകയായിരുന്നു.