സ്വന്തം ലേഖകന്‍
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് ആവര്‍ത്തിക്കുന്ന അര്ജുന് ആയങ്കിയെ കുടുക്കാന്‍ ചോദ്യശരങ്ങളുമായി കസ്റ്റംസ്.
ദുബായില്‍ നിന്ന് സ്വര്‍ണമെത്തിച്ച ക്യാരിയറായ മുഹമ്മദ് ഷെഫീഖിന്റെയും കണ്ണൂരിലെ സഹകരണ ബാങ്ക് ജീവനക്കാരന് സി.സജേഷിന്റെയും മൊഴികള്‍ ചേര്‍ത്തുകൊണ്ടാണ് അര്‍ജുനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നാണ് അര്ജുന് ആയങ്കി ഇപ്പോഴും പറയുന്നത്.
എന്നാല്‍ കവര്‍ച്ച ചെയ്യാനായാണ് എത്തിയതെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ കസ്റ്റംസിന് മുന്നിലുണ്ട്. സുഹൃത്തായ സജേഷും ക്യാരിയറായ ഷെഫീഖും പറഞ്ഞ വസ്തുതകള്‍ നിരത്തിയുള്ള ചോദ്യങ്ങളില്‍ അര്ജുന് കുറ്റസമ്മതം നടത്തുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.
അര്‍ജുന്റെ സുഹൃത്തിന് കാരിയറായ ഷെഫീഖ് നല്‍കാനുള്ള 15,000 രൂപ വാങ്ങാനാണ് എത്തിയതെന്നായിരുന്നു അര്ജുന് പറഞ്ഞത്. എന്നാല്‍ 25 തവണ ഷെഫീഖിനെ അര്ജുന് വിളിച്ചത് കൊണ്ടുവരുന്ന സ്വര്‍ണം ലക്ഷ്യമിട്ടായിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബായില്‍ നിന്നെത്തിച്ച സ്വര്‍ണം കൊടുവള്ളിയിലേക്കുള്ളതായിരുന്നെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ .
സ്വര്‍ണക്കടത്തിലെ പ്രധാനി ടി.കെ.സൂഫിയാന്റെ സംഘത്തിന് വേണ്ടിയായിരുന്നു ദുബായില്‍ നിന്ന് മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷെഫീഖ് വഴി സ്വര്‍ണം കരിപ്പൂരിലെത്തിച്ചത്.
എന്നാല്‍ ഷെഫീഖിന് കൂടുതല്‍ പണം ഓഫര്‍ ചെയ്ത് സ്വര്‍ണം തട്ടിയെടുക്കാന്‍ അര്ജ്ജുന് ആയങ്കി പദ്ധതി ഒരുക്കുകയായിരുന്നുവെന്നും കസ്റ്റംസും പോലീസും സ്ഥിരീകരിച്ചു.
സ്വര്‍ണം കൊണ്ടുവരുന്നതിനായി ഷെഫീഖിനെ ചുമതലപ്പെടുത്തിയത് മുതല്‍ ദുബായില്‍ നിന്ന് അര്ജുന് വിവരം ലഭിച്ചിരുന്നു. ഷെഫീഖിന്റെ ഫോട്ടോയും കൊണ്ടുവരുന്ന സ്വര്‍ണത്തിന്റെ അളവും കൃത്യമായി അര്ജുന് എത്തിച്ചു നല്കാന് ചാരന്മാര് ദുബായിലുണ്ട്.
ഈ വിവരപ്രകാരം ദുബായില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അര്ജ്ജുന് ഷെഫീഖിനെ ഫോണില്‍ ബന്ധപ്പെട്ടു. സ്വര്‍ണം കരിപ്പൂരിലെത്തിച്ചാല് 40,000 രൂപ ഷഫീഖിന് നല്‍കാമെന്നായിരുന്നു കൊടുവള്ളി സംഘത്തിന്റെ ഡീല്‍.
എന്നാല്‍ ഇതിലും കൂടുതല്‍ തുക അര്ജുന് ഷെഫീഖിന് നല്കുമെന്നറിയിച്ചു. ഇതോടെ ഷെഫീഖ് അര്‍ജുന്റെ കെണിയില്‍ വീണു.
വിമാനത്താവളത്തില്‍ എത്തിയാല്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ ഫോണ്‍ വഴി നല്‍കാമെന്നും അര്ജുന് അറിയിച്ചു. ഇതുപ്രകാരമായിരുന്നു ഷെഫീഖ് സ്വര്‍ണവുമായി കരിപ്പൂരിലെത്തിയത്.
വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഷെഫീഖിന്റെ ഫോട്ടോ സൂഫിയാനുള്പ്പെടെയുള്ള കൊടുവള്ളി സംഘത്തിന് അയച്ചിരുന്നു. വസ്ത്രത്തിന്റെ നിറമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദുബായില്‍ നിന്ന് സൂഫിയാനെ അറിയിച്ചിരുന്നു.
വിമാനതാവളത്തിന് പുറത്തെത്തിയ അര്ജുന് കൊടുവള്ളി സംഘത്തെ കണ്ടതോടെ വസ്ത്രം മാറണമെന്ന് ഷെഫീഖിന് നിര്‍ദേശം നല്കി.
സ്വര്‍ണത്തിന്റെ യഥാര്‍ഥ ഉടമകളില്‍ നിന്ന് രക്ഷിക്കുന്നതിനായിരുന്നു അര്ജുന് വസ്ത്രം മാറാന്‍ ആവശ്യപ്പെട്ടിരുന്നതായും ഷെഫീഖ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ വസ്തുതകള്‍ നിരത്തിയാണ് ഇന്ന് അര്‍ജുനെ ചോദ്യം ചെയ്യുന്നത്. കൂടാതെ അര്ജുന് ഉപയോഗിച്ച കാറിന്റെ ഉടമസ്ഥനായ സജേഷ് നല്കിയ വിവരങ്ങളും അര്ജുനെതിരേയുള്ള നിര്‍ണായക തെളിവാണ്.