കൊച്ചി: സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ ഭാര്യ അമല ചോദ്യം ചെയ്യലിന് കസ്റ്റംസിന് മുന്നിൽ ഹാജരായി.
കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ അഭിഭാഷകനൊപ്പമാണ് യുവതി എത്തിയത്.
വരുമാനമൊന്നും ഇല്ലാത്ത അർജുൻ എങ്ങനെ ആഡംബര ജീവിതം നയിക്കുന്നുവെന്നും പണത്തിന്റെ സ്രോതസ് എന്താണെന്നും ഉൾപ്പടെയുള്ള വിവരങ്ങളാകും കസ്റ്റംസ് ഭാര്യയിൽ നിന്നും തിരക്കുക.
അർജുന്റെ ഇടപാടുകൾ വീട്ടുകാരുടെ അറിവോടെയായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
ഭാര്യാമാതാവ് നൽകിയ പണം ഉപയോഗിച്ചാണ് വീട് നിർമിച്ചതെന്നും കാർ വായ്പ അടയ്ക്കുന്നതെന്നുമാണ് അർജുൻ കസ്റ്റംസിന് നൽകിയിരുന്ന മൊഴി.
ഇക്കാര്യങ്ങളെല്ലാം ഭാര്യയിൽ നിന്നും അന്വേഷണ സംഘം ചോദിച്ചറിയും. ഭാര്യയിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസം അർജുനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും.