കോഴിക്കോട്: കര്‍ണാടത്തിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് അടക്കമുള്ളവരെ തെരയുന്നതിനു ഗോവയില്‍നിന്ന് ഡ്രഡ്ജര്‍ എത്തിക്കുമെന്ന ഉറപ്പ് കര്‍ണാടക പാലിച്ചില്ല. ഇന്ന് ഡ്രഡ്ജര്‍ എത്തിക്കുമെന്നാണ് ഗംഗാവലി പുഴയില്‍ തെരച്ചില്‍ നര്ത്തിവയ്ക്കുമ്പോള് നല്കിയ ഉറപ്പ്. ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിനു ഒരു കോടി രൂപയാണ് ചെലവു വരിക. ഈ തുകയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
50 ലക്ഷം രൂപ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഫണ്ടില്‍നിന്നു ചെലവഴിക്കാന്‍ തീരുമാനമായതായാണ് വിവരം. ബാക്കി 50 ലക്ഷം കൂടി വേണം. ഇത്രയും തുക മുടക്കി തെരച്ചില്‍ തുടരുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം വേണം. അതു നീളുകയാണ്. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല.
പാര്‍ട്സുകളാക്കി ഗോവയില്‍നിന്ന് കടല്‍വഴി ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിനു കപ്പല്‍ സംഘം ഇന്നലെ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്.പുഴയിലെ പാലത്തിന്റെ അളവെടുത്തശേഷം കപ്പലില്‍ കൊണ്ടുവരാന്‍ പറ്റുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതിനു പച്ചക്കൊടി കാട്ടണം.
അര്‍ജുന്റെ ബന്ധുക്കള്‍ എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ബന്ധപ്പെട്ടുവരികയാണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് ശ്രമം. അതേസമയം, ഗംഗാവലി പുഴയില്‍ ഒഴുക്ക് ശക്തമായതിനാൽ തെരച്ചില്‍ ഉടന്‍ തുടങ്ങില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയ അറിയിച്ചിട്ടുണ്ട്.