കോഴിക്കോട്: അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിന് ഇന്നെങ്കിലും ഫലമുണ്ടാകണമെന്ന് സഹോദരി അഞ്ജു. ആരെയും കുറ്റപ്പെടുത്തുന്നില്ല. വിധിയെന്നു വിശ്വസിക്കുന്നു.
കാത്തിരിപ്പിനു ഫലമറിയണം. അര്‍ജുനെ ഏതവസ്ഥയില്‍ ലഭിക്കുമെന്ന് അറിയില്ല. ഒന്നും ചെയ്യുന്നില്ലെന്നു പറയുന്നില്ല. കേരളത്തില്‍നിന്ന് എല്ലാവരും സഹായിച്ചു. മാധ്യമങ്ങള്‍ കൂടെയുണ്ട്. തിരച്ചിലിന് ഇനി വീഴ്ച പാടില്ല. അർജുനെ കണ്ടെത്താതെ ഷിരൂരിൽ ഉള്ള ബന്ധുക്കൾ മടങ്ങി വരില്ല. കാത്തിരിക്കാന്‍ മാത്രമേ തങ്ങൾക്ക് ഇപ്പോൾ കഴിയൂവെന്നും കുടുംബം പ്രതികരിച്ചു.
അതേ സമയം, അര്‍ജുനു വേണ്ടിയുള്ള തെരച്ചിൽ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്. കർണാടക സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും ഹർജിയിൽ പറയുന്നു. ദൗത്യം സൈന്യത്തെ ഏൽപ്പിച്ച് രാവും പകലും രക്ഷാപ്രവർത്തനം തുടരണമെന്ന് കേന്ദ്രസർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്നും ഹർജിയിലുണ്ട്.