കുമ്പളം മാന്നനാട്ട് വീട്ടില്‍ എം.എസ്. വിദ്യന്റെ മകന് അര്ജുന് കൊല്ലപ്പെട്ടത് പ്രതികളുടെ കൃത്യമായ ആസൂത്രണത്തില്‍. നെട്ടൂര്‍ റെയില്‍വെ സ്റ്റേഷനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളിലൊരാളായ നിപിന്റെ അനുജന് ഒരുവര്‍ഷം മുമ്പ് അര്‍ജുനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ആക്സിഡന്റില്‍ മരിച്ചിരുന്നു. അര്ജുന് അനുജനെ കൊല്ലപ്പെടുത്തിയതാണെന്ന് നിപിന് കരുതിയിരുന്നു. ഇതിനുള്ള പ്രതികാരമാണ് അര്‍ജുന്റെ കൊലയിലൂടെ നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അര്‍ജുന്റെ സുഹൃത്തുക്കളായ നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവാവിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പനങ്ങാട് പൊലീസിന് പരാതി നല്‍കിയിരുന്നു. അര്‍ജുന്റെ സുഹൃത്തുക്കളായ റോണി, നിപിന് എന്നിവരെ സംശയിക്കുന്നതായി പൊലീസിന് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.
പ്രതികള്‍ ലഹരിക്കച്ചവട സംഘത്തിലെ അംഗങ്ങളാണെന്നാണ് സൂചന. പ്രതികളില്‍ ഒരാളുടെ സഹോദരന്റെ അപകടമരണത്തിന്റെ കാരണം അര്ജുന് ആണെന്ന വിശ്വാസമാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പം അര്ജുന് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തിരുന്നു. കളമശേരിയില്‍ വച്ച് അപകടത്തില്‍ ബൈക്കോടിച്ചിരുന്നയാള്‍ മരിച്ചു. അര്ജുന് സാരമായി പരുക്കേറ്റിരുന്നു. അര്ജുന് തന്റെ സഹോദരനെ കൊണ്ടു പോയി കൊന്നുകളഞ്ഞതായി മരിച്ചയാളുടെ സഹോദരന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അര്‍ജുനോടുണ്ടായ അടങ്ങാത്ത പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതികള്‍ പൊലീസിനോടു പറഞ്ഞു.
സംഭവ ദിവസം പെട്രോള്‍ തീര്‍ന്നുവെന്ന കാരണം പറഞ്ഞ് അര്‍ജുനെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിച്ച ശേഷം ചതുപ്പില്‍ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചെന്നാണു സൂചന. പിടിയിലായവരില്‍ ഒരാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് എന്നാണു സൂചന. ഇയാളാണ് മര്‍ദനത്തിനു നേതൃത്വം കൊടുത്തത്. പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാള്‍ കല്ലുകൊണ്ടും തലയ്ക്കടിച്ചു. യുവാവിനെ കാണാതായ 2നു രാത്രി 10ന് വീട്ടില്‍ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളില്‍ കൃത്യം ചെയ്തതായാണു മൊഴി. അന്വേഷണം നടക്കുന്നതിനാല്‍ പൊലീസ് കൂടുതല്‍ വിവരം പുറത്തു വിട്ടില്ല.
കൊലയ്ക്കു ശേഷം പ്രതികള്‍ ‘ദൃശ്യം’ സിനിമ മോഡലില്‍ അര്‍ജുന്റെ ഫോണ്‍ ലോറിയില്‍ കയറ്റി വിട്ടതായി പനങ്ങാട് പൊലീസ് സ്ഥിരീകരിച്ചു. അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഈ ഫോണിന്റെ സിഗ്നലുകള്‍ പിന്തുടര്‍ന്ന പൊലീസ് അര്ജുന് ജീവിച്ചിരിക്കുന്നതായി തെറ്റിദ്ധരിച്ചതാണ് അന്വേഷണം വൈകാന്‍ കാരണമെന്നും പറയപ്പെടുന്നു.
സംഭവത്തില്‍ പൊലീസിനു വീഴ്ച പറ്റിയതായി അര്‍ജുന്റെ പിതാവ് വിദ്യന്‍ ആരോപിച്ചു. രണ്ടാം തിയതി മുതല്‍ യുവാവിനെ കാണാനില്ലെന്ന് കാണിച്ച് പനങ്ങാട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായി അന്വേഷിച്ചില്ല. ബുധനാഴ്ച ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്. സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കാന്‍ പൊലീസ് പറഞ്ഞതായും വിദ്യന്‍ ആരോപിക്കുന്നു.