ബംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്കു കടന്നു. ഗംഗാവലി നദിയിലുള്ള അർജുന്റെ ട്രക്ക് കരയ്ക്കെത്തിക്കാൻ നാവികസേന ഇന്നും ശ്രമം തുടരും.
കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂവെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാൻ കാത്തിരിക്കണമെന്നും അല്ലാതെ മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ ഭരണകൂടം പറഞ്ഞു.
ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ഉത്തര കന്നഡയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൽഹിയിൽ നിന്ന് എത്തിച്ച ഐബോഡ് ഇന്നലെ ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. റോഡിൽ നിന്ന് 60 മീറ്റർ അകലെയായി 10 മീറ്റർ ആഴത്തിലാണ് ട്രക്കുള്ളത്.
കുറഞ്ഞത് അഞ്ച് മീറ്റർ ആഴത്തിൽ ക്യാബിനും ലോറിയും വേർപെടാത്ത നിലയിലാണ് ട്രക്ക് ഉള്ളതെന്നാണ് കണ്ടെത്തൽ. നാവിക സേനയുടെ ഡൈവർമാർ ട്രക്കിൽ പരിശോധന നടത്തിയാൽ മാത്രമെ അർജുനെക്കുറിച്ച് വിവരംലഭിക്കൂ.
പുഴയിലെ കനത്ത കുത്തൊഴുക്ക് കാരണം ഡൈവർമാരുടെ സംഘത്തിന് ബോട്ടുകൾ പുഴയുടെ നടുവിൽ ഉറപ്പിച്ച് നിർത്താൻ പോലും കഴിയാത്ത അവസ്ഥയാണ്.