കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ പരസ്പര ബന്ധമില്ലാത്ത വിവരങ്ങളാണ് പുറത്ത് വരുന്നതെന്ന് അർജുന്റെ കുടുംബം.
തെരച്ചിൽ മനഃപ്പൂർവം വൈകിപ്പിക്കുന്നു എന്നതാണ് സംശയമെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ ആരോപിച്ചു. രണ്ടുദിവസംകൊണ്ട് തെരച്ചില്‍ പുനരാരംഭിക്കുമെന്നാണ് കഴിഞ്ഞ ആഴ്ച അറിയിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു തുടര്‍ നടപടികളും ഉണ്ടായില്ല.
ജില്ലാ ഭരണകൂടത്തിന് തുടർച്ചയായി വീഴ്ച സംഭവിക്കുന്നുവെന്ന് ജിതിൻ പറഞ്ഞു.അവലോകന യോഗം ഉണ്ടെന്ന് കർണാടക ചീഫ് സെക്രട്ടറി പറയുന്നുവെന്നും അങ്ങനെ ഒരു യോഗം ഇല്ലെന്ന് കളക്ടർ പറയുന്നുവെന്നും കുടുംബം പറഞ്ഞു. കാലാവസ്ഥ ഏറ്റവും അനുകൂലമെന്നാണ് ഈശ്വർ മാൽപെ അറിയിച്ചത്.
കേരള സർക്കാരിലും നേതാക്കളിലും സമ്മർദ്ദം ചൊലുത്താൻ ശ്രമിക്കുമെന്നും കുടുംബം വ്യക്തമാക്കി.
ജൂലൈ 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍- കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്ജുന് സഞ്ചരിച്ച ലോറി അപകടത്തില്‍പ്പെട്ടത്.