ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മാറി ജീർണിച്ച മൃതദേഹം കണ്ടെത്തി. ഷിരൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്ന് ദിവസം മുൻപ് പ്രദേശത്ത് നിന്ന് മത്സ്യ തൊഴിലാളിയെ കടലിൽ കാണാതായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം മലയാളിയായ അർജുന്റേതാണോയെന്ന് വ്യക്തമായിട്ടില്ല.
മുങ്ങൽ വിദഗ്ദൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അർജുന്റേത് ആകില്ലെന്ന് മാൽപെ പറഞ്ഞു.
കടലിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജീർണാവസ്ഥയിലായതിനാൽ ആരുടേതെന്ന് പറയാൻ കഴിയില്ല. എന്നാൽ മൃതദേഹത്തിന് അത്രയധികം പഴക്കമില്ലെന്നാണ് പ്രാഥമിക വിവരം.
അതിനിടെ, ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് അർജുന്റെ കുടുംബം രംഗത്തെത്തി. അർജുന്റെ സഹോദരന്റെ ഡിഎൻഎ ജില്ലാഭരണകൂടത്തിന്റെ കൈവശം വച്ചിരുന്നു. ഇതും ചേർത്ത് പരിശോധിക്കണമെന്നാണ് കുടുംബം പറയുന്നത്. കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബവും സ്ഥലത്തെത്തി പരിശോധന നടത്തേണ്ടി വരും. അതിനു ശേഷം മാത്രമേ ഡിഎൻഎ പരിശോധന നടത്തുകയുള്ളൂ.