കൊച്ചി: ജലസംരക്ഷണം, മാലിന്യവിമുക്തമായ ജലാശയങ്ങൾ എന്നീ ആശയങ്ങൾ ജനമനസുകളിലേക്ക് എത്തിക്കാൻ പത്താം ക്ലാസുകാരനായ അർജുൻ സന്തോഷ് നിർത്താതെ നീന്തിയത് ഇരുപതു കിലോമീറ്റർ. ആലപ്പുഴ ജില്ലയിലെ ചേർത്തല പെരുന്പളം ദ്വീപിൽനിന്ന് രാവിലെ 9.30 ന് ആരംഭിച്ച ദീർഘദൂര നീന്തൽ അവസാനിച്ചത് ഉച്ചയ്ക്ക് 1.30 ന് എറണാകുളം മറൈൻ ഡ്രൈവ് ജെട്ടിയിൽ. റോട്ടറി കൊച്ചിൻ മിഡ്ടൗണിന്റെ വേവ് എന്ന ജലസംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു അർജുന്റെ സാഹസിക നീന്തൽ.
ആഴമേറിയ വേന്പനാട്ടു കായലും കൊച്ചിക്കായലും നീന്തിക്കയറിയ അർജുനെ സ്വീകരിക്കാൻ മറൈൻ ഡ്രൈവിൽ മന്ത്രി സി. രവീന്ദ്രനാഥ് നേരിട്ടെത്തിയിരുന്നു. നൂറുകണക്കിനാളുകളുടെ ആർപ്പുവിളികൾക്കും കരഘോഷങ്ങൾക്കും വാദ്യമേളങ്ങൾക്കും ഇടയിലേക്കാണ് അർജുൻ നീന്തിയെത്തിയത്. എം.എ. ആരിഫ് എംഎൽഎ നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്നു നീന്തൽ വിദഗ്ധർ കയറിയ ബോട്ടുകളുടെയും വള്ളങ്ങളുടെയും അകന്പടിയോടെയാണ് അർജുൻ കൊച്ചിയിലേക്കു നീന്തിയത്.
ജലാശയങ്ങൾ എത്രത്തോളം മലിനമാണ് എന്നതിനു താൻ നീന്തിയ കായലുകൾ തന്നെ ഉദാഹരണങ്ങളാണെന്ന് അർജുൻ മാധ്യമങ്ങളോടു പറഞ്ഞു. നീന്തൽ പരിശീലകൻ പെരുന്പളം പനയ്ക്കൽ വീട്ടിൽ പി.ജി. സന്തോഷ് കുമാറിന്റെയും ബീനയുടെയും മകനായ അർജുൻ തീരെ ചെറുപ്പത്തിലേ നീന്തൽ പരിശീലിച്ചിരുന്നു. ഇപ്പോൾ തിരുവനന്തപുരം സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യാ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്. രണ്ടുവർഷം മുന്‍പു പെരുന്പളം ദ്വീപിലേക്കു പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് അർജുൻ നടത്തിയ നീന്തൽ സമരം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
അർജുൻ സന്തോഷിന്റെ നീന്തൽ ജനമനസിലേക്കു ജലമലിനീകരണത്തിനെതിരേയുള്ള ആശയം പകർന്നുനൽകുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് മറൈൻ ഡ്രൈവിൽ ചേർന്ന പൊതുയോഗത്തിൽ പറഞ്ഞു. ജലവും മണ്ണും അന്തരീക്ഷവും മലിനമാകുന്നതു ഗുരുതരമായ സ്ഥിതിവിശേഷമാണുണ്ടാക്കുന്നത്. കൃഷി ചെയ്യുക എന്നതു മാത്രമാണ് ഇത് ഇല്ലാതാക്കാനുള്ള ഏക പോംവഴി. മാലിന്യനിർമാർജനത്തിന് ആര് എന്തു ശ്രമങ്ങൾ നടത്തിയാലും അതിനെ സർക്കാർ പൂർണമായി പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ റോട്ടറി കൊച്ചിൻ മിഡ്ടൗണ്‍ പ്രസിഡന്റ് അനിൽ വർമ അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ വിനോദ്കുട്ടി, മുൻ ഗവർണർ ബി.ആർ. അജിത്ത്, വേവ് പദ്ധതിയുടെ ചെയർമാൻ സുബിൻ തോമസ് എടയാടി, റോട്ടറി മിഡ്ടൗണ്‍ സെക്രട്ടറി ജനാർദന പൈ എന്നിവർ പ്രസംഗിച്ചു.