ബംഗളൂരു: ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കർ അണ്ടർ-19 അരങ്ങേറ്റ മത്സരത്തിൽ പൂജ്യത്തിന് പുറത്ത്. കൊളംബോയിൽ ശ്രീലങ്കക്കെതിരെ നടക്കുന്ന യൂത്ത് ഇന്റർനാഷണൽ മത്സരത്തിലാണ് താരപുത്രന് നിരാശയോടെ തുടക്കം. ഒൻപതാമനായി ക്രീസിലെത്തിയ അർജുൻ 11 പന്തുകൾ നേരിട്ട് സ്പിന്നർ ശാഷിക ദുൽഷനു വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ആദ്യ ഇന്നിംഗ്സിൽ 244 റൺസിന് പുറത്തായിരുന്നു. ഫാസ്റ്റ് ബൗളറായ അർജുനാണ് ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഒൻപത് റൺസ് നേടിയ കമിൽ മിഷ്ഹാരയെ അർജുൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 11 ഓവറിൽ 33 റൺസ് വഴങ്ങിയാണ് താരപുത്രൻ കന്നി വിക്കറ്റ് നേടിയത്. ലങ്കയ്ക്ക് മറുപടിയായി ഒന്നാം ഇന്നിംഗ്സിൽ 589 റൺസെടുത്ത ഇന്ത്യക്ക് 345 റൺസിന്റെ ലീഡ് നേടി.
1989-ൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ സച്ചിനും സ്കോർ ബോർഡ് തുറക്കും മുൻപ് പവലിയനിൽ മടങ്ങിയെത്തിയിരുന്നു. ചിരവൈരികളായ പാക്കിസ്ഥാനെതിരെ അരങ്ങേറ്റം കുറിച്ച സച്ചിൻ റണ്ണെടുക്കും മുമ്പ് ഇതിഹാസ പേസര്‍ വഖാര്‍ യൂനുസിന്റെ പന്തിൽ പുറത്താവുകയായിരുന്നു.