മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ മകൻ അർജുൻ മുംബൈ ട്വന്റി-20 ലീഗിൽ കളിക്കില്ല. സച്ചിന്റെ ആവശ്യപ്രകാരമാണ് അർജുൻ ലീഗിൽനിന്ന് വിട്ടുനിൽക്കുന്നത്. പുതിയ ബൗളിംഗ് ആക്ഷൻ പരുവപ്പെടുത്തിയെടുക്കുന്നശ്രമത്തിലാണ് അർജുൻ. മത്സര രംഗത്തേക്ക് ഇറങ്ങാൻ പതിനെട്ടുകാരനായ അർജുൻ ഇപ്പോൾ പ്രാപ്തനായിട്ടില്ലെന്ന കാരണത്താലാണ് ലീഗിൽ ഇറങ്ങാത്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുംബൈ ട്വന്റി-20യുടെ ബ്രാൻഡ് അംബാസഡർകൂടിയായ സച്ചിനുമായി ചർച്ച ചെയ്തശേഷമാണ് അർജുന്റെ തീരുമാനം. ജനുവരിയിലാണ് അർജുൻ പുതിയ ബൗളിംഗ് ആക്ഷനിലേക്ക് തിരിഞ്ഞത്. പൂന സ്വദേശിയായ അതുൽ ഗെയ്ക്വാദിന്റെ ശിക്ഷണത്തിലാണ് പുതിയ ആക്ഷൻ പരിശീലിക്കുന്നത്.
പുതിയ ആക്ഷനിൽ അർജുൻ ശരിക്ക് ബൗളിംഗ് ചെയ്തുവരുന്നതേയുള്ളൂ. സമീപനാളിൽ മികച്ച ഫോമിലായിരുന്നു അർജുൻ. 2017-18 അണ്ടർ 19 കൂച്ച് ബെഹർ ട്രോഫിയിൽ രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഒരു നാലു വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു.
ചെറുപ്പം മുതൽ ഫാസ്റ്റ് ബൗളിംഗ് ആണ് ഇഷ്ടം. ഇന്ത്യയിൽ ഫാസ്റ്റ് ബൗളർമാരുടെ കുറവുണ്ട്- അർജുൻ പറഞ്ഞു. സ്വന്തം നിലയ്ക്ക് കളിക്കാനാണ് ആഗ്രഹമെന്ന് അർജുൻ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. മുംബൈ ട്വന്റി-20യിൽ ആറു ടീമുകളാണുള്ളത്. ഈ മാസം 11 മുതൽ 21വരെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.