കാർവാർ: അർജുന്റെ കുടുംബത്തിനൊപ്പം കേരളവും കർണാടകയും മനസു നീറി കാത്തിരുന്ന ഒമ്പതു ദിവസങ്ങൾക്കിപ്പുറം ഷിരൂർ ദുരന്തമേഖലയിലെ തെരച്ചിലിന് അവസാനമാകുന്നു. അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസ് ട്രക്ക് ഗംഗാവലി പുഴയുടെ അടിത്തട്ടിലുണ്ടെന്നു ദൗത്യസംഘം സ്ഥിരീകരിച്ചു. കരയിൽനിന്ന് ഏതാണ്ട് 20 മീറ്റർ അകലെയും 15 മീറ്റർ ആഴത്തിലുമായി കഴിഞ്ഞ ദിവസങ്ങളിൽ റഡാർ സിഗ്നലും നാവികസേനയുടെ സോണാർ സിഗ്നലും ലഭിച്ച ഇടത്തിനു സമീപത്താണു ട്രക്ക് ഉള്ളതായി സ്ഥിരീകരിച്ചത്.
ആഴങ്ങളിൽ തെരച്ചിൽ നടത്തുന്നതിനായി ഇന്നലെ സ്ഥലത്തെത്തിച്ച ലോംഗ് ബൂം എസ്കവേറ്റർ ഉപയോഗിച്ചു ട്രക്ക് കരയ്ക്കടുപ്പിക്കാനാണു ശ്രമം നടക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ സന്ധ്യയോടെ അവസാനിപ്പിച്ചിരുന്ന ദൗത്യം ഇന്നലെ രാത്രി വൈകിയും തുടരുകയാണ്. ദൗത്യത്തിന്റെ അവസാനഘട്ടമാകുമ്പോഴും കനത്ത മഴ പെയ്യുന്നതു വെല്ലുവിളിയാകുന്നുണ്ട്.
നാവികസേനയുടെ നേതൃത്വത്തിൽ ശബ്ദതരംഗങ്ങൾ ഉപയോഗിച്ചുള്ള സോണാർ പരിശോധനയിൽ പുഴയുടെ അടിത്തട്ടിൽ കണ്ടെത്തിയതു ട്രക്ക് തന്നെയാണെന്ന കാര്യം കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡയാണ് ആദ്യം അറിയിച്ചത്. ഒമ്പതുദിവസമായി സ്ഥലത്ത് ക്യാമ്പ് ചെയ്ത് ദൗത്യത്തിനു നേതൃത്വം നല്കിയ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും ഉത്തരകന്നഡ ജില്ലാ പോലീസ് സൂപ്രണ്ട് പി. നാരായണയും പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു.
എന്നാൽ അർജുൻ അതിനകത്തുണ്ടോ എന്ന കാര്യം ഇതുവരെ ഉറപ്പിക്കാനായിട്ടില്ല. നാവികസേനയുടെ സ്കൂബാ ഡൈവർമാർ പുഴയുടെ അടിത്തട്ടിലെത്തി സാഹചര്യങ്ങൾ വിലയിരുത്തിയതിനു ശേഷമായിരിക്കും ട്രക്ക് ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങുക.
അർജുനും ശരവണനുമുൾപ്പെടെ ദുരന്തത്തിൽ കാണാതായവർ ആരെങ്കിലും വാഹനത്തിനകത്തോ പുറത്തോ ഉണ്ടോ എന്ന കാര്യവും പരിശോധിക്കും. പുഴയുടെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾക്കും മണ്ണിനും പാറകൾക്കുമൊപ്പമാണു ട്രക്ക് കിടക്കുന്നത്. കുലംകുത്തിയൊഴുകുന്ന പുഴയിൽ ഇതെല്ലാം ചേർന്ന് ഒരു തുരുത്തുപോലെ കിടക്കുകയാണ്. ഇതിന്റെ ഇടയിൽനിന്നു ട്രക്ക് ഉയർത്തിയെടുക്കുന്നതും ശ്രമകരമായ ദൗത്യമാകും.
ട്രക്ക് കിടക്കുന്നത് തലകീഴായി?
അർജുന്റെ ട്രക്ക് പുഴയുടെ അടിത്തട്ടിൽ കിടക്കുന്നത് തലകീഴായിട്ടാണെന്നാണ് സൂചനകളിൽനിന്നു വ്യക്തമാകുന്നതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് എം. നാരായണ പറഞ്ഞു. സ്കൂബാ ഡൈവർമാർ ട്രക്കിന്റെ അടുത്തുവരെ ഇറങ്ങിച്ചെന്ന് കാബിനകത്ത് അർജുനുണ്ടോ എന്ന കാര്യം ഉറപ്പിച്ചതിനു ശേഷം മാത്രമേ ലോറി ഉയർത്തിയെടുക്കുന്നതിനുള്ള ശ്രമം തുടങ്ങുകയുള്ളൂ.
അർജുനെ പുറത്തെടുക്കുന്നതിനാകും മുൻഗണന. ഇന്ന് ഡൽഹിയിൽനിന്നെത്തിക്കുന്ന കരസേനയുടെ ഡിബോഡ്സ് ഉപകരണം ഉപയോഗിച്ച് കൃത്യമായ സ്ഥാനം നിർണയിക്കും. ട്രക്ക് ഉയർത്തിയെടുക്കുന്നതിനായി മംഗളൂരുവിൽനിന്ന് രണ്ടാമതൊരു ലോംഗ് ബൂം എസ്കവേറ്ററും ഗോവയിൽനിന്ന് ഡ്രെഡ്ജറും എത്തിക്കുമെന്ന് സതീഷ് കൃഷ്ണ സെയിൽ എംഎൽഎ അറിയിച്ചു.
ശ്രീജിത് കൃഷ്ണൻ