ലോകകപ്പ് പോലുള്ള മത്സരങ്ങള്‍ നടക്കുമ്പോള്‍ മത്സരങ്ങളോടൊപ്പം സമാന്തരമായി നടക്കുന്ന മറ്റൊരു പ്രതിഭാസമാണ് വാതുവയ്പ്പ്. വീടുകളിലും നാടുകളിലും തുടങ്ങി അന്താരാഷ്ട്ര തലങ്ങളില്‍ വരെ വാതുവയ്പ്പുകള്‍ സജീവമാണ്.
വാതുവയ്‌പ്പൊന്നുമല്ലെങ്കിലും സമാനമായ രീതീയില്‍ നടക്കുന്ന ഒന്നാണ് ചെറുതും വലുതുമായ പ്രവചനങ്ങള്‍. ഇത്തരത്തില്‍ ലോകകപ്പ് ഫുട്ബോള്‍ ജേതാക്കളെ കുറിച്ചുള്ള പ്രവചനം സീല്‍ ചെയ്ത് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച് ശ്രദ്ധേയനാവുകയാണ് ഒരു ഇരുപത്തൊന്നുകാരന്‍.
സൈക്കോളജിക്കല്‍ ഇല്ല്യൂഷനിസ്റ്റ് ആയ അര്‍ജുന്‍ ഗുരു എന്ന വിദ്യാര്‍ത്ഥിയാണ് റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിലെ സെമി ഫൈനല്‍, ഫൈനല്‍, ഗോള്‍ഡന്‍ ബൂട്ട് ജേതാക്കളെ മുന്‍കൂട്ടി പ്രവചിച്ച് ലോകത്തെ ഞെട്ടിക്കാനൊരുങ്ങുന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍ തുടങ്ങുന്നതിനു മുന്‍പായിരുന്നു അര്‍ജുന്റെ പ്രവചനം.
സെമി ഫൈനലില്‍ എത്തുന്ന ടീമുകള്‍, സെമിയിലെ ഗോളുകളുടെ എണ്ണം, ലോകകപ്പ് ജേതാക്കള്‍, ഫൈനലില്‍ നേടുന്ന ഗോളുകളുടെ എണ്ണം, ഗോള്‍ഡന്‍ ബൂട്ട്‌ജേതാവ്, ബോള്‍, ഗ്ലോവ് ജേതാക്കള്‍ എന്നിവരുടെ പേരുകള്‍ എഴുതിയ ശേഷം ഹൈബി ഈഡന്‍ എംഎല്‍എ, ചലച്ചിത്രതാരം ശരണ്‍ പുതുമന, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ വെച്ച് കവറിലാക്കി സീല്‍ ചെയ്തു.
സീല്‍ ചെയ്ത കവറുകള്‍ ഗോദ്‌റേജിന്റെ ഇലക്ട്രോണിക് സേഫില്‍ വെച്ച ശേഷം എറണാകുളം എം ജി റോഡിലെ സെന്‍ട്രല്‍ മാളിലെ ലോക്കറിലേക്ക് മാറ്റി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വൈഫൈ ക്യാമറയും ഇതോടൊപ്പമുണ്ട്.
ഹൈബി ഈഡനും ശരണും ചേര്‍ന്നാണ് സേഫിന്റെ പിന്‍ നമ്പര്‍ സെറ്റ് ചെയ്തത്. സീല്‍ ചെയ്തത് മുതല്‍ ലോക്കര്‍ തുറന്ന് കവറുകള്‍ പുറത്തെടുക്കുന്നത് വരെയുള്ള ദൃശ്യങ്ങള്‍ സേഫിനൊപ്പമുള്ള ക്യാമറ റെക്കോഡ് ചെയ്യും.
ലോകകപ്പ് ഫൈനലിന് ശേഷം വിശിഷ്ട വ്യക്തികളുടെയും മാധ്യമങ്ങളുടെയും മുന്നില്‍ വച്ചായിരിക്കും സേഫ് തുറന്ന് സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്ന കവറുകള്‍ തുറക്കുക. എറണാകുളം സ്വദേശിയായ അര്‍ജുന്‍ പഠിച്ചതും വളര്‍ന്നതും വിദേശത്താണ്.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ബിരുദം നേടിയ ശേഷം കൊച്ചിയില്‍ സ്വന്തം നിലയില്‍ ഷോകള്‍ നടത്തി വരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി മെന്റലിസം പരിശീലിച്ചു വരുന്നു. പ്രവചിക്കാനാവാത്ത രീതിയില്‍ ലോകകപ്പ് മത്സരം നീങ്ങുന്നതും ആവേശം വര്‍ധിപ്പിക്കുന്നു.