കോഴിക്കോട്: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനും ഫേസ്ബുക്ക് പേജിനുമെതിരേ കേസ്. ചേവായൂർ പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
മലയാളി ലൈഫ് എന്ന യൂട്യൂബ് ചാനലിനെതിരെയും നമ്മുടെ ന്യൂസ് എന്ന ഫേസ്ബുക്ക് പേജിനെതിരേയുമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
അതേസമയം, അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ നിയമനം നൽകി. ഇത് സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകിയാണ് സർക്കാർ തീരുമാനം എടുത്തത്.
സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്നും മന്ത്രി പറഞ്ഞു.