ന്യൂഡൽഹി: മലയാളി താരം ജിൻസണ് ജോണ്സണ് അർജുന അവാർഡ്. കഴിഞ്ഞ മാസം നടന്ന ഏഷ്യൻ ഗെയിംസിൽ 1,500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയതിനു പിന്നാലെയാണ് ജിൻസനെ തേടി അർജുന അവാർഡ് എത്തിയത്.
കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസണ്. അഞ്ച് ലക്ഷം രൂപയും വെള്ളിയിൽ തീർത്ത അർജുന ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അർജുന അവർഡ് സംബന്ധിച്ച ശിപാർശ സമിതി കേന്ദ്രകായിക മന്ത്രാലയത്തിന് കൈമാറി. കേന്ദ്രകായിക മന്ത്രാലയം കൂടി ശിപാർശ അംഗീകരിക്കേണ്ടതുണ്ട്.
2018 കോമൺവെൽത്ത് ഗെയിംസിലും ജിൻസൺ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. കോമൺവെൽത്തിൽ 1,500 മീറ്ററിൽ ദേശീയ റെക്കോർഡോടെ അഞ്ചാമത് ജിൻസൺ ഫിനിഷ് ചെയ്തിരുന്നു. ബഹാദൂർ പ്രസാദിന്റെ 23 വർഷത്തെ റെക്കോർഡായിരുന്നു അന്ന് ജിൻസൺ തകർത്തത്.
മലയാളി താരം പി.യു. ചിത്രയുടെ പേരും നേരത്തെ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല.