സീമ മോഹന്‍ലാല്‍
കൊച്ചി: “ഒരു മാസം മുമ്പ് മാഷിനെ കണ്ട് യാത്ര പറയുമ്പോള്‍ അദ്ദേഹം നല്‍കിയത് അന്ത്യചുംബനമാണെന്ന് ഒരിക്കലും കരുതിയില്ല…’- വടുതല സ്കൈലൈന്‍ ക്രിസ്റ്റല്‍ വാട്ടര്‍ വില്ലയിലിരുന്ന് സംഗീത സംവിധയകന് എം.കെ. അര്‍ജുനനെക്കുറിച്ചു പറയുമ്പോള്‍ ഗായിക ജെന്‍സി ആന്റണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
പതിനഞ്ചാം വയസില്‍ എം.കെ. അര്‍ജുനന്റെ ഗാനത്തിലൂടെയാണ് ജെന്‍സി ആദ്യമായി മലയാള ചലച്ചിത്ര ഗായികയായത്. ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ ഗുരുനാഥനെ അവസാനമായി കാണാന്‍ കഴിയാത്ത വേദനയിലാണ് ജെന്‍സി.
“ഞാന്‍ ഇടയ്ക്കൊക്കെ മാഷിനെ കാണാന്‍ പോകുമായിരുന്നു. മാര്‍ച്ച് ഒന്നിനായിരുന്നു മാഷുടെ ജന്മദിനം. അന്നെനിക്ക് റേഡിയോ മിര്‍ച്ചിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വാങ്ങാനായി ചെന്നൈയ്ക്കു പോകേണ്ടിയിരുന്നു. അതിനാല്‍ ഫെബ്രുവരി 27നായിരുന്നു ഞാന്‍ മാഷിനെ കാണാന്‍ പോയത്.
ഉച്ചസമയം ആയതിനാല്‍ അദ്ദേഹം വിശ്രമത്തിലായിരുന്നു. ഞാന്‍ കട്ടിലിനരുകിലിരുന്ന് അദ്ദേഹത്തിന്റെ കൈയും കാലുമൊക്കെ തിരുമിക്കൊടുത്തു. ക്ഷീണമുള്ളതുകൊണ്ട് അധികം സംസാരിക്കേണ്ടെന്നും ഞാന്‍ പറഞ്ഞു.
മക്കളേ, മോളെ എന്നൊക്കെയായിരുന്നു മാഷ് എന്നെ വിളിച്ചിരുന്നത്. യാത്ര പറഞ്ഞ് ഇറങ്ങാന്‍ നേരം ആ കാലുതൊട്ടുതൊഴുന്ന പതിവ് എനിക്കുണ്ട്. എന്നിട്ട് അദ്ദേഹത്തിനൊരു ഉമ്മ കൊടുക്കും. ഇത്തവണ പോരാന്‍ ഇറങ്ങുമ്പോള്‍ ഞാന്‍ കാല് തൊട്ടു തൊഴുതപ്പോള്‍ ഉമ്മ എന്നു പറഞ്ഞ് അദ്ദേഹം എനിക്ക് ഉമ്മ തന്നു. അത് അവസാന ചുംബനമാണെന്ന് അറിഞ്ഞിരുന്നില്ല.’- നിറഞ്ഞൊഴുകിയ കണ്ണീര് തുടച്ചു ജെന്‍സി പറഞ്ഞു.
“എന്റെ അപ്പച്ചന്റെ അടുത്ത സുഹൃത്തായിരുന്നു മാഷ്. കുട്ടിക്കാലം മുതല്‍ ഞാന്‍ വീട്ടില്‍ പാടുന്നതൊക്കെ മാഷ് കേട്ടിരുന്നു. അങ്ങനെയാണ് മോളെക്കൊണ്ട് പാട്ടുപാടിക്കണമെന്ന ആഗ്രഹം മാഷ് അപ്പച്ചനോട് പറഞ്ഞത്. വേഴാമ്പല്‍ എന്ന ചിത്രത്തിലെ ഗുരുവായൂരപ്പന്റെ തിരുവാകച്ചാര്‍ത്തിന് മുഖശ്രീ വിടരും എന്ന പാട്ട് പാടിച്ചപ്പോൾ എനിക്ക് പതിനഞ്ച് വയസായിരുന്നു.
മദ്രാസിലായിരുന്നു റിക്കാര്‍ഡിംഗ്. ആദ്യമായി പാടുന്നതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. പക്ഷേ മാഷ് ധൈര്യം തന്നു. അന്ന് മദ്രാസിലെ അയ്യപ്പാസ് ലോഡ്ജിലായിരുന്നു മാഷ് താമസിച്ചിരുന്നത്. എനിക്കും അപ്പച്ചനും താമസിക്കാനായി മാഷിന്റെ അടുത്ത മുറി ബുക്ക് ചെയ്തിരുന്നു.
അവിടെ എത്തിയപ്പോള്‍ രണ്ടു മൂന്നു തവണ എന്നെക്കൊണ്ട് പ്രാക്ടീസ് ചെയ്യിപ്പിച്ചു. വയലാർ സാറിന്റെ അവസാന വരികളായിരുന്നു അത്. ആറു വരികളെ അദ്ദേഹം എഴുതിയിരുന്നുള്ളൂ. അത് വീണ്ടും ആവര്ത്തിപ്പിച്ചാണ് പാടിച്ചത്. അന്നത്തെക്കാലത്ത് തുടക്കക്കാരിയായ എന്നെക്കൊണ്ട് പാടിക്കാന്‍ മാഷ് ധൈര്യം കാണിച്ചു. പാടിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം അഭിനന്ദിച്ചു.
ആശീര്‍വാദം, അവള് കണ്ട ലോകം, രാഗം താനം പല്ലവി, അവളൊരു ദേവാലയം, ഹര്‍ഷ ബാഷ്പം… തുടങ്ങി 20ലധികം മലയാള ഗാനങ്ങളില്‍ മാഷ് എന്നെക്കൊണ്ടു പാടിച്ചു. അന്നദ്ദേഹം എ.ആര്. റഹ്മാന്റെ വീട്ടിലായിരുന്നു താമസം. ഞാനും അവിടത്തന്നെയായിരുന്നു താമസിച്ചത്. ഇത്രയധികം സ്നേഹമുള്ള ഒരാൾ ഈ ഫീല്‍ഡില്‍ ഇല്ല. ഇനി ഉണ്ടാകാനും പോകുന്നില്ല’- ജെന്‍സി പറഞ്ഞു.