മലയാള സിനിമാസംഗീതരംഗത്തെ ആദ്യകാല കണ്ണികളിൽ ഒന്നു കൂടി അറ്റു. അരനൂറ്റാണ്ടിലേറെ നീണ്ട അർജുനൻ മാഷിന്റെ സംഗീത യാത്ര ഇവിടെ അവസാനിക്കുകയാണ്. പക്ഷേ അദ്ദേഹം ഈണം നൽകിയ നൂറുകണക്കിനു ഗാനങ്ങൾ ആസ്വാദക മനസിൽനിന്നു മായില്ല.
ദേവരാജനും ദക്ഷിണാമൂർത്തിയും എം.എസ്. വിശ്വനാഥനുമൊക്കെ നിറഞ്ഞു നിന്ന ഒരു കാലഘട്ടത്തിൽ തനതു പാതയിൽ സ്വന്തമായ ഒരു ശൈലി വെട്ടിത്തുറന്നാണ് എം.കെ. അർജുനൻ എന്ന സംഗീത സംവിധായകൻ മലയാളസിനിമാ സംഗീതത്തിൽ ശ്രദ്ധേയനാകുന്നത്.
നാടകങ്ങൾക്ക് സംഗീതം പകർന്നുകൊണ്ടായിരുന്നു തുടക്കം. മുന്നൂറോളം നാടകങ്ങൾക്ക് സംഗീതം നൽകി. ദേവരാജൻ മാസ്റ്ററുമായുള്ള സൗഹൃദമാണ് അദ്ദേഹത്തെ സിനിമയിലെത്തിച്ചത്. ആദ്യ സിനിമയായ കറുത്തപൗർണമിയിലെ ഗാനങ്ങൾ ഹിറ്റായതോടെ ഒരു പുതിയ സംഗീത സംവിധായകന്റെ ഉദയത്തിന് സിനിമാരംഗം സാക്ഷ്യമാവുകയായിരുന്നു.
ഗാനരചനാ രംഗത്തും സംഗീത സംവിധാനരംഗത്തും നിരവധി പ്രമുഖന്മാർ അരങ്ങുവാഴുന്ന അക്കാലത്ത് ഒരു പുതുമുഖത്തിന് നിലനിൽക്കുക വളരെ ക്ലേശകരമായിരുന്നു. പക്ഷേ അതുവരെ കേൾക്കാത്ത ശൈലിയിലുള്ള ഈണങ്ങൾ, മെലഡിയുടെ വശ്യത, പ്രണയഗാനങ്ങളിലെ മാസ്മരികത ഇതെല്ലാം അദ്ദേഹത്തിന്റെ ഗാനങ്ങളെ വേറിട്ടു നിറുത്തി.
വളരെ തിരക്കുള്ള സംഗീത സംവിധായകനായിരുന്നില്ല ഒരുകാലത്തും എം.കെ. അർജുനൻ. പക്ഷേ ഈണം നൽകിയ ഗാനങ്ങളിൽ ഒട്ടുമിക്കവയും ഹിറ്റായി.
മലയാളത്തിലെ ഏറ്റവും മികച്ച ഓണപ്പാട്ടുകളിൽ ഒന്നാണ് തിരുവോണ പുലരിയിൽ തിരുമുൽ കാഴ്ച വാങ്ങാൻ… എന്ന ഗാനം. 1973ൽ പുറത്തിറങ്ങിയ ഈ ഗാനം നാളുകൾ ഏറെ കഴിഞ്ഞിട്ടും ഇന്നും അനശ്വരമായി നിൽക്കുന്നു. ഓണനാളുകളിൽ ഈ ഗാനം കേൾക്കാത്ത മലയാളികളുണ്ടാവില്ല.
റസ്റ്റ് ഹൗസിലെ പാടാത്ത വീണയും പാടും, കൂട്ടുകുടുംബത്തിലെ തങ്കഭസ്മക്കുറിയിട്ട തന്പുരാട്ടി നിന്റെ, പിക്നിക്കിലെ കസ്തൂരിമണക്കുന്നല്ലോ, ചീനവലയിലെ തളിർവലയോ താമരവലയോ തുടങ്ങി ഹർഷബാഷ്പത്തിലെ ആയിരം കാതം അകലെയാണെങ്കിലും തുടങ്ങി എത്രയെത്ര ഗാനങ്ങളാണ് അദ്ദേഹത്തിന്റെ പേരിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.
ഹൃദ്യമായ മെലഡികൾ നൽകുന്പോഴും 1975ൽ പുറത്തു വന്ന സിന്ധു എന്ന ചിത്രത്തിലെ ചെട്ടിക്കുളങ്ങര ഭരണിനാളിൽ എന്ന ഫാസ്റ്റ് നന്പറിലൂടെ ആസ്വാദകരെ അദ്ദേഹം വിസ്മയിപ്പിച്ചു.
ജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയാണ് എം.കെ. അർജുനൻ എന്ന സംഗീത സംവിധായകൻ വിജയം കണ്ടത്. നന്നേ ചെറുപ്പത്തിലെ പിതാവ് മരിച്ചതോടെ കുടുംബത്തിൽ കടുത്ത ദാരിദ്യ്രമായിരുന്നു.
എങ്കിലും സംഗീതത്തിനോടുള്ള തന്റെ അഭിരുചി അദ്ദേഹം വിട്ടു കളഞ്ഞില്ല. ജീവിക്കാനായി പല ജോലികൾ ചെയ്യുന്നതിനിടയിലും സംഗീതകച്ചേരികൾ നടത്തി. സംഗീതം പഠിക്കണമെന്ന വലിയ ആഗ്രമുണ്ടായിരുന്നെങ്കിലും സാന്പത്തിക ബുദ്ധിമുട്ടുകാരണം കാര്യമായൊന്നും നടന്നില്ല.
പരിഭവങ്ങളും പരാതികളുമില്ലാതെയാണ് അർജുനൻ മാഷ് യാത്രയാകുന്നത്. സിനിമയുടെ ഗ്രൂപ്പുകളിലും പൊളിറ്റിക്സിലുമൊന്നും അദ്ദേഹത്തിനു താൽപര്യമുണ്ടായിരുന്നില്ല. ഒട്ടേറെ മികച്ച ഗാനങ്ങൾക്ക് ഈണം നൽകിയിട്ടും കാര്യമായ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നില്ല.
ഒടുവിൽ 2018ൽ ഭയാനകം എന്ന ചിത്രത്തിലെ ഗാനത്തിനാണ് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. തന്റെ പാട്ടുകൾ സർക്കാർ ഇപ്പോൾ ശ്രദ്ധിച്ചതിൽ സന്തോഷമുണ്ടെന്നും വൈകി പുരസ്കാരം ലഭിച്ചതിൽ പരിഭവമില്ലെന്നുമാണ് അദ്ദേഹം ഇതിനേക്കുറിച്ച് പ്രതികരിച്ചത്.
ബിജോ ജോ തോമസ്