അഞ്ജലി അനിൽകുമാർ
റോസ്റ്റിംഗ്, റിയാക്ടിംഗ്, അർജ്യൂ – ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങി ഏത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എടുത്താലും അവിടെയെല്ലാം നിറഞ്ഞു നിൽക്കുന്നത് ഈ വാക്കുകളാണ്.
അതുകൊണ്ടുതന്നെ ഇവയെല്ലാം മലയാളികൾക്ക് ഏറെ പരിചിതവുമാണ്. എങ്ങനെ പരിചിതമല്ലാതിരിക്കും? കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണും വർക്ക് ഫ്രം ഹോമും ഒക്കെയായി വീട്ടിലിരിക്കുന്ന മലയാളികൾക്കു മുന്നിലേക്ക് ചിരിയുടെ ബോംബും പൊട്ടിച്ചല്ലേ ഈ ആലപ്പുഴക്കാരൻ ചെക്കൻ കയറി വന്നത്.
വ്യത്യസ്തമായ ആശയങ്ങളിലൂടെയും ഉള്ളടക്കത്തിലൂടെയും നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് അർജുന്റെ യൂട്യൂബ് ചാനലായ Arjyou.
അതുകൊണ്ടാണല്ലോ വെറും മൂന്നാഴ്ചയ്ക്കുള്ളിൽ പതിനാലുലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുമായി അർജ്യൂ മുന്നേറുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിനാളുകളാണ് അർജുന്റെ വീഡിയോകൾ കാണുന്നതും ഷെയർ ചെയ്യുന്നതും.
അർജ്യൂ എന്ന യൂട്യൂബ് ചാനലിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ആലപ്പുഴ മുഹമ്മ സ്വദേശിയായ അർജുൻ സുന്ദരേശൻ.
അർജുനും അർജ്യൂവും
മൂന്നു വർഷം മുൻപ് അർജുൻ സുന്ദരേശൻ എന്ന പേരിൽ എനിക്കൊരു യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു. പേര് മാറ്റി അർജ് യൂ എന്നാക്കിയിട്ട് ഇപ്പോൾ മൂന്നാഴ്ച ആയതേയുള്ളൂ. ആദ്യം എനിക്ക് 119 ഫോളോവേഴ്സാണ് ഉണ്ടായിരുന്നത്.
എന്റെ കുഞ്ഞു കുഞ്ഞു വർക്കുകളും യാത്രാ വിശേഷങ്ങളുമൊക്കെയായിരുന്നു ചാനലിൽ അപ്ലോഡ് ചെയ്തിരുന്നത്. അതും വല്ലപ്പോഴും മാത്രം. ഇപ്പോ ലോക്ക്ഡൗണ് പ്രഖ്യാപിച്ചതോടെ മറ്റ് തിരക്കുകളൊന്നുമില്ല, എപ്പോഴും വീട്ടിലുണ്ട്.
ഈ സമയത്തെ എങ്ങനെ ക്രിയേറ്റീവായി പ്രയോജനപ്പെടുത്താം എന്നാലോചിച്ചിരുന്നപ്പോഴാണ് യൂട്യൂബ് ചാനൽ ഒന്ന് ആക്ടീവ് ആക്കിയാലോ എന്നു ചിന്തിച്ചത്.
കൂട്ടുകാരോടാണ് ആദ്യം ഇക്കാര്യം പറഞ്ഞത്. എല്ലാവരും ചെയ്യുന്ന വീഡിയോ പാറ്റേണ് പിന്തുടരേണ്ട എന്ന് ആദ്യം തന്നെ തീരുമാനിച്ചിരുന്നു.
ചർച്ചകൾക്കൊടുവിൽ എല്ലാവർക്കും ഒരുപോലെ ഓക്കെ ആയി തോന്നിയ ആശയം ആണ് ടിക്ടോക്ക് വീഡിയോ റിയാക്ടിംഗും റോസ്റ്റിംഗും. റോസ്റ്റിംഗ് മാത്രമല്ല ടിക് ടോക്ക് ഹാക്ക് ടെസ്റ്റിംഗുകളും ഞാൻ ചെയ്തിരുന്നു.
ഇവിടെയെല്ലാം തമാശമാത്രം
“”എന്റമ്മോ… എന്നാ പൊരിക്കലാടാ ഇത്…”, “”ഇതൊക്കെ എങ്ങനെ സാധിക്കുന്നു” തുടങ്ങിയ കമന്റുകൾ കാണുന്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നും. ഭൂരിഭാഗം ആളുകളും പറയുന്നത് അവർ മനസിൽ വിചാരിച്ച അതേ റിയാക്ഷൻ ആയിരുന്നു എന്നൊക്കെയാണ്.
ഒരു യൂട്യൂബർ എന്ന നിലയിൽ എനിക്കു കിട്ടാവുന്ന വലിയ അംഗീകാരങ്ങളാണ് ഈ വാക്കുകൾ. സാധാരണയായി ഒരു വീഡിയോ കാണുന്പോൾ എന്താണോ തോന്നുന്നത് അത് റിക്കാർഡ് ചെയ്ത് കാണിക്കുന്നു എന്നു മാത്രം.
ഒരുപാടു പേർക്ക് അതേ തോന്നൽ ഉണ്ടാകുന്നതു കൊണ്ടാണല്ലോ അവർക്ക് അത് ആസ്വദിക്കാൻ സാധിക്കുന്നത്. എന്നാൽ മനഃപൂർവമല്ലെങ്കിൽ പോലും ഞാൻ കാരണം ചിലർക്ക് വിഷമമാകുന്നു എന്നറിയുന്പോൾ ഒരു വല്ലായ്മ തോന്നും. കാരണം ആരെയും വേദനിപ്പിക്കണം എന്ന ഉദ്ദേശ്യം ഒരു വീഡിയോയ്ക്ക് പിന്നിലുമില്ല.
എല്ലാം തമാശമാത്രമായാണ് ഞാൻ കാണുന്നത്. പ്രേക്ഷകരും അത് അങ്ങനെതന്നെ എടുക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. വിനോദം എന്നതിനപ്പുറം വ്യക്തിപരമായി ആരെയും വേദനിപ്പിക്കണം എന്നു കരുതിയില്ല.
അതേസമയം തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള പ്ലാറ്റ്ഫോമായി ടിക്ടോക്കിനെ കാണുന്ന ഒരുപാടുപേരുണ്ട്. അത്തരം വീഡിയോകൾക്ക് നല്ല റിയാക്ഷനാണ് കൊടുക്കുന്നത്. അവരെക്കുറിച്ചും ഉടൻ വീഡിയോ ചെയ്യും.
എന്നേയും ട്രോളുന്നുണ്ട്
റിയാക്ഷൻ വീഡിയോസ് ചെയ്യാം എന്നു തീരുമാനിക്കുന്പോൾ തന്നെ എനിക്കുറപ്പായിരുന്നു തിരിച്ചും പണി കിട്ടുമെന്ന്. കൂടുതലും വളരെ പോസിറ്റീവാണ് എന്നതിൽ സന്തോഷമുണ്ട്.
അതേസമയം ഭീഷണിപ്പെടുത്തിക്കൊണ്ടും വിമർശിച്ചുകൊണ്ടുമെല്ലാം വീഡിയോസ് വരുന്നുണ്ട്. പക്ഷേ അതിനെയും പോസിറ്റീവായി തന്നെ കാണാനാണ് എനിക്കിഷ്ടം. റോസ്റ്റിംഗ് കിട്ടിയ പലരും ആദ്യം എതിർപ്പുകൾ അറിയിച്ചുകൊണ്ട് വീഡിയോ ഇട്ടിരുന്നെങ്കിലും പിന്നീട് അവരൊക്കെ വിളിക്കുകയും നല്ല അഭിപ്രായം പറയുകയും ചെയ്തു.
ട്രോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നു പറഞ്ഞ ടിക്ടോക്കേഴ്സുമുണ്ട്. പതുക്കെയാണെങ്കിലും എല്ലാവരും എന്നെയും അർജ്യൂവിനെയും അംഗീകരിക്കുന്നതിൽ സന്തോഷമുണ്ട്.
ബേസിക്കലി ഞാൻ അധികം മിണ്ടാറില്ല…
വീഡിയോയിൽ ഇത്ര ലൈവായ താൻ എന്താ നേരിൽ മിണ്ടാത്തത് എന്ന് ആരെങ്കിലും ചോദിച്ചാൽ മിണ്ടാതെ നിൽക്കാനെ തനിക്കു സാധിക്കൂ എന്നാണ് അർജുൻ പറയുന്നത്.
ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷനിലെ മൂന്നാം വർഷ ബിഎ മൾട്ടിമീഡിയ വിദ്യാർഥിയാണ് അർജുൻ.
ന്ധഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നതിന്റെ എല്ലാ ഗുണവും എന്റെ വീഡിയോയിൽ ഉണ്ട്. എനിക്ക് അത്രയേറെ അടുപ്പം ഉള്ളവരോടു മാത്രമേ ഇങ്ങനെ തമാശയൊക്കെ പറഞ്ഞു മിണ്ടാൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ ഞാൻ ഭയങ്കര സൈലന്റ് ആണ്.
ഹോസ്റ്റലിൽ സുഹൃത്തുക്കൾക്കൊപ്പമുള്ളപ്പോൾ ടിക് ടോക്കിൽ വീഡിയോ കാണാറുണ്ട്. അപ്പോൾ പറയുന്ന കമന്റുകളും കാണിക്കുന്ന റിയാക്ഷനും ഒക്കെയാണ് ഓണ്സ്ക്രീനിലും ചെയ്യുന്നത്.
കാമറയുടെ സ്ഥാനത്ത് സുഹൃത്തുക്കളാണെന്നങ്ങു കരുതും. പിന്നെ എല്ലാം ഓക്കെയാണ്. കൂട്ടുകാരാണ് ടിക് ടോക് വീഡിയോകൾ തെരഞ്ഞെടുത്ത് അയച്ചു തരുന്നതും ഫുൾ സപ്പോർട്ട് തന്ന് ഒപ്പം നിൽക്കുന്നതും.
ലോക്ക് ഡൗണ് ആയതിനാൽ കോളജിൽ പോകുന്നില്ല. എങ്കിലും അധ്യാപകരിൽ പലരും വിളിച്ച് അഭിനന്ദിച്ചു. സെന്റ് ജോസഫിൽ പഠിക്കുന്ന കുട്ടികളെ സംബന്ധിച്ച് അവിടെനിന്ന് കിട്ടുന്ന പ്രചോദനം വളരെ വലുതാണ്.
മറ്റ് യൂട്യൂബേഴ്സും നല്ല പിന്തുണ നൽകുന്നുണ്ട്. ട്രോൾ വീഡികളിലൂടെ ശ്രദ്ധേയനായ ഉബൈദ് ഇബ്രാഹിം നേരിട്ടു വിളിച്ച് അഭിനന്ദിക്കുകയും വ്യത്യസ്തതയുള്ള കണ്ടന്റുമായി മുന്നോട്ടു വരണമെന്നു പറയുകയും ചെയ്തു.
അതുപോലെതന്നെ എടുത്തു പറയേണ്ടതാണ് സോഷ്യൽ മീഡിയകളിലെ ഫാൻ പേജുകളുടെ കാര്യം. സ്വന്തം പേരിലുള്ള ഫാൻ പേജുകൾ കാണുന്നത് എന്നെ സംബന്ധിച്ച് വളരെ കൗതുകമുണർത്തുന്ന കാര്യമാണ്.
എല്ലാവർക്കും നന്ദി
ഒന്നും പ്രതീക്ഷിക്കാതെ വീഡിയോ ചെയ്തു തുടങ്ങിയ ആളാണ് ഞാൻ. ആ എന്നെ ഇരുകൈയും നീട്ടി സ്വീകരിച്ച എല്ലാവരോടും എനിക്കു വളരെയധികം നന്ദിയുണ്ട്. അവതരണവും കണ്ടന്റും എല്ലാം കൊള്ളാം എന്നു പറയുന്നതിനൊപ്പം എവിടെയൊക്കെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും ചിലർ പറഞ്ഞു തരും.
തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും ചിലർ മറക്കാറില്ല. ഇനിയും മുന്നോട്ടു പോകാൻ അത് വളരെയധികം പ്രചോദനം നൽകും. മാത്രമല്ല, ഈ സ്നേഹവും അംഗീകാരവും വലിയൊരു ഉത്തരവാദിത്വം കൂടിയാണ് എന്നെ ഏൽപ്പിക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ട്രെൻഡുകൾ മാറിമറിയാൻ നിമിഷനേരം മതി. അതുകൊണ്ട് കാഴ്ചക്കാരുടെ അഭിപ്രായം മാറാതെ, അവരെ നിരാശരാക്കാതെ വേണം ഇനിയുള്ള വീഡിയോകളും ചെയ്യാൻ.
ഒരു സിനിമാക്കാരന്റെ മോഹങ്ങൾ
ചെറുപ്പം മുതൽ ഉള്ളിലുണ്ടായിരുന്ന സിനിമ എന്ന സ്വപ്നത്തിനു പിന്നാലെയുള്ള യാത്രയിലാണ് അർജുൻ. അതിന്റെ ഭാഗമായാണ് എൻജിനിയറിംഗ് പഠനം പാതി വഴിയിൽ ഉപേക്ഷിച്ചതും മീഡിയ പഠനത്തിലേക്കു തിരിഞ്ഞതും എന്ന് അർജുൻ പറയുന്നു. രണ്ടു വർഷം എൻജിനിയറിംഗ് പഠിച്ചെങ്കിലും എന്റെ വഴി അതല്ല എന്നെനിക്കു നല്ല ബോധ്യമുണ്ടായിരുന്നു.
മീഡിയ സ്റ്റഡീസിലേക്കു മാറണമെന്നും മൾട്ടി മീഡിയ പഠിക്കണമെന്നും പറഞ്ഞപ്പോൾ വീട്ടിൽനിന്നു വലിയ എതിർപ്പൊന്നും ഉണ്ടായില്ല. അച്ഛൻ പോലീസായതു കൊണ്ട് വലിയ സീൻ ആണോ എന്നു പലരും ചോദിക്കാറുണ്ട്. അച്ഛൻ പക്ഷേ വളരെ കൂളാണ്.
ഞങ്ങളുടെ ഇഷ്ടങ്ങളോടൊന്നും അച്ഛൻ നോ പറയാറുമില്ല. ഇപ്പോൾ യൂട്യൂബ് ചാനലിന്റെ കാര്യത്തിൽ പോലും വീട്ടിൽ ഫുൾ സപ്പോർട്ടാണ്. നന്നാവുന്ന ഭാഗങ്ങളും തിരുത്തേണ്ട ഇടങ്ങളും അവർ പറഞ്ഞു മനസിലാക്കി തരുന്നുണ്ട്.
സിനിമ മേഖലയാണ് എന്റെ പാഷൻ. സിനിമയിൽ കാമറയ്ക്കു മുന്നിൽ അല്ല പിന്നിൽ നിൽക്കാനാണ് എനിക്കിഷ്ടം. ഡ്രിഗ്രി പൂർത്തിയാക്കിയ ശേഷം ഫിലിം സ്റ്റഡീസിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യണം എന്നാണ് ആഗ്രഹം.
ആലപ്പുഴ നോർത്ത് സ്റ്റേഷൻ എസ്ഐ സുന്ദരേശന്റെയും ലസിതയുടെയും മൂത്തമകനാണ് അർജുൻ. അനിയൻ അനുരാജ് ആലപ്പുഴ എസ്ഡി കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്.