യെരാവാൻ: അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐസിസി)യിൽ ചേരാൻ അർമേനിയ തീരുമാനിച്ചു. ഇന്നലെ പാർലമെന്റിൽ നടന്ന വോട്ടെടുപ്പിലാണു തീരുമാനമെടുത്തത്. 60 വോട്ടുകൾ അനുകൂലമായി ലഭിച്ചു. 22 പേർ എതിർത്തു.
ഇതോടെ റഷ്യയുമായുള്ള അർമേനിയയുടെ ബന്ധം വഷളാകുമെന്നാണ് സൂചന. ഐസിസിയിൽ ചേരാനുള്ള അർമേനിയയുടെ തീരുമാനം ശത്രുതാപരമായ നീക്കമാണെന്നു കഴിഞ്ഞ മാസം റഷ്യ ആരോപിച്ചിരുന്നു.
അർമേനിയൻ അംബാസഡറെ റഷ്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. രാജ്യത്തിനെതിരേ അസർബൈജാൻ നടത്തുന്ന കടന്നുകയറ്റമാണ് ഐസിസിയിൽ ചേരാൻ കാരണമെന്നും റഷ്യക്കെതിരേയല്ല ഈ തീരുമാനമെന്നും അർമേനിയൻ അധികൃതർ പറഞ്ഞു.
യുക്രെയ്നിൽനിന്ന് അനധി കൃതമായി കുട്ടികളെ റഷ്യയിലേക്കു കടത്തിയെന്നാരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലും ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിലും പുടിൻ പങ്കെടുത്തില്ല. അറസ്റ്റ് ഭയന്നായിരുന്നു പുടിൻ വിട്ടുനിന്നത്. ഏതാനും വർഷങ്ങളായി അർമേനിയ-റഷ്യ ബന്ധം ഊഷ്മളമല്ല.