തൃശൂർ: ആംപ്യൂട്ടി ഫുട്ബോൾ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ടൂർണമെന്റിൽ ഇന്ത്യൻ ടീം റണ്ണേഴ്സ് അപ്പായി. ഇതാദ്യമായാണ് ഇന്ത്യൻ ആംപ്യൂട്ടി ഫുട്ബോൾ ടീം അന്താരാഷ്ട്ര തലത്തിൽ ഇത്തരം നേട്ടം കൈവരിക്കുന്നത്. ഫൈനലിൽ ഇന്ത്യ കെനിയയോട് എതിരില്ലാത്ത രണ്ടുഗോളിനു തോറ്റു.
കെനിയ ആംപ്യൂട്ടി ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിച്ച ടൂർണമെന്റിൽ ഘാന, സോമാലിയ, കെനിയ, പാട്ലാൻഡ് സ്പോർട്സ് ക്ലബ് എന്നീ ടീമുകളാണ് പങ്കെടുത്തത്. ആദ്യമത്സരത്തിൽ പാട്ലാൻഡ് സ്പോർട്സ് ക്ലബ്ബിനെ പരാജയപ്പെടുത്തിയ ഇന്ത്യ, സോമാലിയയോടും കെനിയയോടും സമനില വഴങ്ങേണ്ടിവന്നെങ്കിലും പോയിന്റ് അടിസ്ഥാനത്തിൽ ഫൈനലിലെത്തി.
ആറു മലയാളികൾ അടങ്ങിയതാണ് ഇന്ത്യൻ ടീം. എസ്.ആർ. വൈശാഖ് (കോഴിക്കോട്, പേരാന്പ്ര), എ.എസ്. അനിൽകുമാർ (തൃശൂർ, മതിലകം), ബി.ബാഷ (ആലപ്പുഴ), സജീഷ് കൃഷ്ണൻ (കണ്ണൂർ, പയ്യന്നൂർ), വസന്തരാജ (തമിഴ്നാട് ), സബർമൽ ബാവറിയ (രാജസ്ഥാൻ), വിജയ് ശർമ (ഡൽഹി) എന്നിവരായിരുന്നു ടീം അംഗങ്ങൾ.