ക്വാട്ട മറിച്ചു വിറ്റ് അല്‍പം ചില്ലറ സമ്പാദിക്കാമെന്നു വച്ചാല്‍ ഇനി നടപ്പില്ല ! സൈനിക കാന്റീനില്‍ നിന്നു വാങ്ങുന്ന മദ്യം മറിച്ചു വില്‍ക്കുന്നവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി…

ന്യൂഡല്‍ഹി: സൈനിക കാന്റീനില്‍ നിന്നു വാങ്ങുന്ന മദ്യം മറിച്ചു വില്‍ക്കുന്ന സേനാംഗങ്ങള്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് അറിയിച്ചു.

ഇതുള്‍പ്പെടെ അഴിമതി തടയാന്‍ ലക്ഷ്യമിട്ടുള്ള 37 നിര്‍ദേശങ്ങള്‍ ജനറല്‍ റാവത്ത് സേനാംഗങ്ങള്‍ക്കു നല്‍കിയിരിക്കുകയാണ് സേനയിലെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച പരാതികള്‍ കണക്കിലെടുത്താണു നടപടി.

അഴിമതി നടത്തുന്ന സേനാംഗങ്ങളെ പദവിയും റാങ്കും നോക്കാതെ ഒഴിവാക്കും. പെന്‍ഷന്‍ പോലും നല്‍കാതെ അവരെ പുറത്താക്കാന്‍ മടിക്കില്ല. വിരമിച്ച ഓഫിസര്‍മാരെ സേവിക്കാന്‍ സേനാംഗങ്ങളെ നിയോഗിക്കുന്നതു വിലക്കിയും സേനാ ക്യാംപുകളില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയുമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക തലത്തില്‍ നേട്ടം ലക്ഷ്യമിട്ടു മേലുദ്യോഗസ്ഥനെ അനാവശ്യമായി സേവിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താനും പദ്ധതിയുണ്ട്.

അതേസമയം, ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ഓഫിസര്‍മാര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കും. എണ്ണയില്‍ മുക്കിയ അനാരോഗ്യ ഭക്ഷ്യ പദാര്‍ഥങ്ങള്‍ (പകോഡ, പൂരി) ഒഴിവാക്കി, പകരം ഊര്‍ജദായകമായ ഭക്ഷണം സേനാംഗങ്ങള്‍ക്കു ലഭ്യമാക്കണം.

സേനയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ശത്രു വിഭാഗങ്ങള്‍ പ്രചരിപ്പിക്കുന്ന അടിസ്ഥാനരഹിത ആരോപണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജനറല്‍ റാവത്ത് മുന്നറിയിപ്പു നല്‍കി.

Related posts