ഗുജറാത്തില് പൊതുജനമധ്യത്തില് ഭാര്യയെ വെടിവെച്ച് സൈനികന്. അംഗന്വാടിയില് നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച ശേഷമായിരുന്നു വെടിവെച്ചത്.
തുടയില് വെടിയേറ്റ യുവതിയുടെ നില ഗുരുതരമാണ്. സംഭവത്തില് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജുനഗഡിലാണ് സംഭവം. അംഗന്വാടി ജീവനക്കാരിയായ സ്മിതയാണ് ആക്രമണത്തിന് ഇരയായത്. യുവതിയെ തുടര്ച്ചയായി രണ്ടുതവണ വെടിവച്ചതിന് പുറമേ തോക്കിന്റെ കുഴല് ജീവനക്കാരിയുടെ പരിക്കേറ്റ കാലില് കുത്തിയിറക്കിയതായും റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
അംഗന്വാടിയില് നിന്ന് മുടിയില് കുത്തിപ്പിടിച്ചാണ് സൈനികന് പുറത്തേയ്ക്ക് വലിച്ചിഴച്ചത്. മീററ്റിലെ ആര്മി മെഡിക്കല് കോര്പ്പ്സില് ജോലി ചെയ്യുന്ന മനീഷ് പട്ടേലാണ് പിടിയിലായത്.
മേലുദ്യോഗസ്ഥരെ വിവരം അറിയിക്കാതെയാണ് ഇയാള് മീററ്റില് നിന്ന് ജുനഗഡില് എത്തിയത്. കൂടാതെ അവധിക്ക് ഇയാള് അപേക്ഷ നല്കിയിരുന്നുമില്ല.
സൈനികന്റെ കൈവശം ഉണ്ടായിരുന്ന തോക്ക് പൊലീസ് പിടിച്ചെടുത്തു. 2014ലായിരുന്നു ഇരുവരുടെയും വിവാഹം.
ഡല്ഹിയില് ജോലി ചെയ്യുന്ന സമയത്ത് മനീഷ് പട്ടേലും സ്മിതയും പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഭര്ത്താവിന്റെ മദ്യപാനത്തെ ചൊല്ലിയായിരുന്നു വഴക്ക്. ഇരുവര്ക്കുമായി ഏഴു വയസ്സുള്ള മകനുണ്ട്.
വര്ഷങ്ങള്ക്ക് മുന്പ് ഭര്ത്താവുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ സ്മിത സ്വന്തം വീട്ടില് താമസമാക്കിയിരുന്നു.
തന്റെ ഒപ്പം താമസിക്കണമെന്ന് പറഞ്ഞ് അപേക്ഷിച്ചതിനെ തുടര്ന്ന് ഭാര്യ വീണ്ടും മനീഷിന്റെ കൂടെ തിരിച്ചുപോയി.
എന്നാല് മദ്യപാനത്തെ ചൊല്ലി വീണ്ടും വഴക്കിട്ടതോടെ സ്മിത വീട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു. തിങ്കളാഴ്ച അംഗന്വാടിയിലെത്തിയ മനീഷുമായി അവിടെവച്ചും സ്മിത വഴക്കിട്ടു.
കുപിതനായ മനീഷ് ഭാര്യയ്ക്ക് നേരെ വെടിയുതിര്ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.