തിരുവനന്തപുരം: പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാനായി കരസേനാ വിമാനം തിരുവനന്തപുരത്ത് ഇറങ്ങി. 25 ഫൈബര്‍ ബോട്ടുകളുമായാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. ഇവ ലോറികളില്‍ തിരുവല്ലയിലേക്കും ചെങ്ങന്നൂരേയ്ക്കും എത്തിക്കും. തിരുവല്ലയില്‍ പത്തും ചെങ്ങന്നൂരില്‍ പതിനഞ്ചും ബോട്ടുകളാണു രക്ഷാ പ്രവര്‍ത്തനത്തിനായി അയക്കുന്നത്.
അതേസമയം പ്രളയത്തിലകപ്പെട്ടവര്‍ക്കുള്ള സഹായം നിര്‍ബാധം തുടരുകയാണ്. തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തുറന്ന കളക്ഷന്‍ സെന്ററുകളിലേക്ക് അവശ്യ സാധനങ്ങളുമായി നൂറുകണക്കിന് ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കിഴക്കേക്കോട്ട കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ ശേഖരിച്ച അവശ്യ വസ്തുക്കളുമായി വലിയ കണ്ടെയ്‌നര്‍ ഇന്നു രാവിലെ ചെങ്ങന്നൂരേയ്ക്കു പുറപ്പെട്ടു. ഹെലികോപ്റ്ററില്‍ എയര്‍ഡ്രോപ്പ് നടത്തി അവശ്യ വസ്തുക്കളെത്തിക്കുന്നതിനു ടെക്‌നിക്കല്‍ ഏരിയയിയിലേക്കും സാധനങ്ങളെത്തിക്കുന്നുണ്ട്.
അരി, വസ്ത്രങ്ങള്‍, ധാന്യങ്ങള്‍, മറ്റ് അവശ്യ വസ്തുക്കള്‍ തുടങ്ങി ആറു ലോഡ് സാധനങ്ങളാണ് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തിലെ കളക്ഷന്‍ സെന്ററില്‍നിന്നു രാവിലെ ചെങ്ങന്നൂരേയ്ക്ക് അയച്ചത്. എയര്‍ ഡ്രോപ്പിംഗിന് അയച്ചതിനു ശേഷം ബാക്കിവന്ന സാധനങ്ങള്‍ ഇന്നലെ രാത്രി 11ഓടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മൂന്നു ലോറികളിലാക്കി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെത്തിച്ചു. 2500 കിലോ ഭക്ഷ്യ വസ്തുക്കളും മരുന്നുകളും മൂന്നു ഹെലികോപ്റ്ററുകളില്‍ രാവിലെ പത്തനംതിട്ടയിലേക്ക് എയര്‍ ഡ്രോപ്പിംഗിന് അയച്ചു.
പ്രിയദര്‍ശിനി ഹാളിനു പുറമേ തമ്പാന്നൂര്‍ എസ്എംവി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വഴുതയ്ക്കാട് കോട്ടണ്‍ ഹില്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ഇന്നു രാത്രി ഒമ്പതു വരെ ഇവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ ശേഖരിക്കും. ഭക്ഷ്യ വസ്തുക്കള്‍ നല്‍കുന്നവര്‍ എളുപ്പത്തില്‍ ചീത്തയാകാത്തതും ജലാശം ഇല്ലാത്തതും പാകം ചെയ്യാതെ കഴിക്കാന്‍ പറ്റുന്നതുമായവ എത്തിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അഭ്യര്‍ഥിച്ചു.