സ്വന്തം ലേഖകൻ
തൃശൂർ: ആർമി റിക്രൂട്ട്മെന്റ് റാലിക്ക് ഉദ്യോഗാർഥികളുടെ വൻതിരക്ക്. രാത്രി ഉറങ്ങാതെ കാത്തിരുന്ന ഉദ്യോഗാർഥികൾക്കായി പുലർച്ചെ നാലു മണിയോടെ നടപടിക്രമങ്ങൾ തുടങ്ങി. മണ്ണുത്തി വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ 28 വരെ തുടരുന്ന റിക്രൂട്ട്മെന്റ് റാലിക്കു മുൻകൂട്ടി ഓണ്‍ലൈനായി അപേക്ഷിച്ചവർക്കാണ് അവസരം.
ഓരോ ദിവസവും നാലായിരത്തോളം പേർക്കാണ് കായികക്ഷമതാ പരിശോധന ക്രമീകരിച്ചിരിക്കുന്നത്. ഇന്നത്തെ റിക്രൂട്ട്മെന്റ് നടപടികൾക്കായി 1,600 ഉദ്യോഗാർഥികളാണ് എത്തിയത്. രജിസ്ട്രേഷനുശേഷം നിർദിഷ്ട ഉയരം ഉണ്ടോയെന്ന പരിശോധനയാണ് ആദ്യം. ഉയരമില്ലാത്തവർ ആദ്യ റൗണ്ടിൽതന്നെ പുറത്താകും. ഉയരമുള്ളവർക്ക് കൈയിൽ ടാഗ് കെട്ടാം.
രണ്ടാം ഘട്ടത്തിൽ മൽസരയോട്ടമാണ്. ഗ്രൗണ്ട് അഞ്ചു റൗണ്ട് ഒന്നര കിലോമീറ്റർ ദൂരം ഓടണം. നൂറു പേരെ വീതം ഒന്നിച്ചാണ് ഓടിച്ചത്. ആദ്യമെത്തുന്ന ഇരുപതു പേർക്കാണ് അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം. തുടർന്നു പുൾഅപ് ടെസ്റ്റാണ്. അതിനുശേഷം ശ്വാസം വലിച്ചും വിട്ടുമുള്ള നെഞ്ചളവു പരിശോധിച്ചു രേഖപ്പെടുത്തും.
അതിനുശേഷമാണു സർട്ടിഫിക്കറ്റുകളും രേഖകളും പരിശോധിക്കുക. തുടർന്നു മെഡിക്കൽ പരിശോധനയും ഇന്റർവ്യൂവും. കായികക്ഷമതാ പരിശോധനകളിൽ വിജയികളാകുന്നവർക്ക് രണ്ടു മാസത്തിനുശേഷം എഴുത്തു പരീക്ഷയും ഉണ്ടാകും.