ജെയ്‌ഷെ ഭീകരരെ ഉന്മൂലനം ചെയ്യുന്നതിന്റെ അവസാന തയ്യാറെടുപ്പുമായി സൈന്യം ! ജെയ്‌ഷെ ഭീകരരുടെ ലിസ്റ്റ് തയ്യാറാക്കുന്നത് നാട്ടുകാരുടെ സഹായത്തോടെ;വിഘടനവാദികളുടെ പണിപൂട്ടും;സകല സേനാവിഭാഗങ്ങളും ഒരുമിക്കുമ്പോള്‍ കളമൊരുങ്ങുന്നത് വന്‍പോരാട്ടത്തിന്…

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് എക്കാലവും ഭീഷണിയായിരുന്ന ജെയ്‌ഷെ മുഹമ്മദിനെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള സമഗ്ര പദ്ധതിയുമായി ഇന്ത്യന്‍ സൈന്യം. ഒരു പക്ഷെ യുദ്ധത്തിനു പോലും മടിക്കില്ലെന്ന ധ്വനിയാണ് ശത്രുക്കള്‍ക്ക് ഇന്ത്യന്‍ സൈന്യം നല്‍കുന്നത്. ദക്ഷിണ കശ്മീരില്‍ ഒളിവില്‍ കഴിയുന്ന ജയ്‌ഷെ ഭീകരരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കി അവരെ വധിക്കാനാണ് കരസേന ഒരുങ്ങുന്നത്. ഭീകരരുടെ നീക്കങ്ങള്‍ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രദേശവാസികളുടെ സഹായം തേടും. അങ്ങനെ പുല്‍വാമയിലെ ഭീകരാക്രമണത്തിന് അതിവേഗ തിരിച്ചടി നല്‍കാനാണ് സൈന്യത്തിന്റെ തീരുമാനം. ബിഎസ്എഫും സി ആര്‍ പി എഫും സൈന്യത്തിന് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.

കാഷ്മീരിലെ സ്ഥിതിഗതികള്‍ ഇപ്പോഴും അത്ര ശാന്തമല്ല. ഇപ്പോഴും നുഴഞ്ഞു കയറ്റം നടക്കുന്നുണ്ട്. മഞ്ഞുവീഴ്ചയും ഭൂപ്രദേശത്തിന്റെ അവസ്ഥയും കാരണം നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റം കുറഞ്ഞെങ്കിലും സാംബ, ഹിരാനഗര്‍, പത്താന്‍കോട്ട് വഴി ഭീകരരെത്തിക്കൊണ്ടിരിക്കുകയാണ്. ഇവരെ തുരത്താനും സൈന്യം പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തദ്ദേശിയരുടെ പിന്തുണ ഇപ്പോഴത്തെ നീക്കങ്ങളില്‍ സൈന്യം ഉറപ്പാക്കും. ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറഞ്ഞ് ഭീകരതയെ പിന്തുണയ്ക്കുന്നവര്‍ക്ക് സൈന്യം പിന്തുണ നല്‍കില്ല. കാശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്ക് സുരക്ഷ പിന്‍വലിച്ചത് ഇതിന്റെ ഭാഗമാണ്. ഇങ്ങനെ തന്ത്രപരമായ നീക്കങ്ങളിലൂടെ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നവരുടെ കാശ്മീരിലെ വേരറക്കാനാണ് നീക്കം. ഇതിനൊപ്പം യുദ്ധത്തിന്റെ സാധ്യതയും തേടുന്നു.

കരസേനയ്‌ക്കൊപ്പം നാവിക-വ്യോമ സേനകളും തയ്യാടെുത്തു കഴിഞ്ഞു. ഇതിനൊപ്പമാണ് കാഷ്മീരിലെ ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള പ്രത്യേക പദ്ധതി. തിങ്കളാഴ്ച കൊല്ലപ്പെട്ട കൊടും ഭീകരന്‍ കമ്രാന്റെ നേതൃത്വത്തില്‍ അറുപതോളം ഭീകരര്‍ ദക്ഷിണ കശ്മീരില്‍ ഒളിവിലുണ്ടെന്നാണു നിഗമനം. ഇതില്‍ 40 പേരെക്കുറിച്ചു വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദ് അതിന്റെ നേതൃനിരയുടെ വിവരങ്ങള്‍ പുറത്തുവിടാറില്ല. അതുകൊണ്ടു ഭീകരരുടെ പട്ടിക തയാറാക്കുക എളുപ്പമല്ല. മറ്റു ഭീകര സംഘടനകളായ ലഷ്‌കറെ തൊയിബ, ഹിസ്ബുല്‍ മുജാഹിദീന്‍ എന്നിവയുടെ ഭീകരര്‍ക്കായും തെരച്ചില്‍ ശക്തമാക്കും. ഭീകരര്‍ എന്നു സംശയിക്കുന്നവരെക്കുറിച്ചുള്ള വിവരം ലഭിച്ചാല്‍, സ്ഥലത്തെ ഫോണ്‍ വിശദാംശങ്ങള്‍ സേന നിരീക്ഷിക്കും.

ഭീകരനാണെന്നു സ്ഥിരീകരിച്ചാല്‍ സൈന്യം പ്രദേശം വളയും. മുന്‍നിരയില്‍ സൈന്യം നിലയുറപ്പിക്കും. ജമ്മുകാഷ്മീര്‍ പൊലീസിന്റെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, സിആര്‍പിഎഫ് എന്നിവ പിന്നില്‍ അണിനിരക്കും. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അകപ്പെടുന്നത് ഒഴിവാക്കാന്‍ പ്രദേശവാസികള്‍ ശ്രദ്ധിക്കണമെന്നു സൈന്യം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പുല്‍വാമയ്ക്കു സമീപം കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരുടെ വെടിയേറ്റു പ്രദേശവാസിയായ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനുള്‍പ്പെടെ മൂന്നുപേരെ സൈന്യം തിങ്കളാഴ്ച വധിച്ചെങ്കിലും തെക്കന്‍ കാഷ്്മീരില്‍ ഇപ്പോഴും നാല്‍പ്പതോളം ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഉള്ളതായി സൂചന സൈന്യത്തിന് ലഭിച്ചിട്ടുണ്ട്.

സാങ്കേതികസംവിധാനങ്ങളുപയോഗിച്ച് ഇവരുടെ നീക്കം നിരീക്ഷിക്കുകയാണ് സൈന്യം. സാങ്കേതികവിദ്യ ഉപയോഗിച്ച് ഭീകരരുടെ ഫോണ്‍സംഭാഷണങ്ങളും സന്ദേശങ്ങളും പിടിച്ചെടുക്കാനാണിപ്പോള്‍ ശ്രമം. ഭീകരരുടെ എണ്ണവും ഒളിച്ചിരിക്കുന്ന കൃത്യസ്ഥലവും അറിഞ്ഞശേഷമാണ് ഒളിത്താവളം വളയുന്നത്. ജമ്മുവിലെ മൂന്ന് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച രണ്ടുമണിക്കൂറോളം കര്‍ഫ്യൂ പിന്‍വലിച്ചു. നവാബാദ്, ജമ്മുസിറ്റി, പീര്‍ മിത്ത എന്നിവിടങ്ങളില്‍ രാവിലെ 11.30 മുതല്‍ 1.30 വരെയാണിത്. എങ്കിലും 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നു. മദ്യശാലകള്‍ അടച്ചിട്ടു. മൊബൈലുകളിലെ ഇന്റര്‍നെറ്റും വിച്ഛേദിച്ചു. ഇതെല്ലാം ഭീകര വേട്ടയ്ക്ക് വേണ്ടിയാണ്.

ജെയ്‌ഷെ മുഹമ്മദ് പാക്കിസ്ഥാന്‍ സേനയുടെ തലയില്‍ വിരിഞ്ഞ സംഘടനയാണ്. പാക് സൈന്യവും ഐഎസ്‌ഐയുമാണിത് നിയന്ത്രിക്കുന്നത്. പുല്‍വാമയിലെ ആക്രമണത്തിന് പാക് സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും ഇടപെടലിന് 100 ശതമാനവും ഉറപ്പ് സൈന്യത്തിനുണ്ട്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചുകയറ്റിയുള്ള തരം ആക്രമണം കശ്മീരില്‍ ആദ്യമാണ്. സിറിയയിലും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമൊക്കെ ഇത്തരത്തില്‍ നടന്നിട്ടുണ്ട്. ആ രീതി ഇവിടെയും തുടങ്ങിയ സാഹചര്യത്തില്‍ ഭാവിയില്‍ അതു നേരിടാന്‍ സൈന്യം സജ്ജമാണ് ലെഫ്. ജനറല്‍ കെജെഎസ് ധില്ലന്‍ വ്യക്തമാക്കി.

Related posts