ന്യൂഡൽഹി: യുഎഇയുടെ പ്രളയസഹായവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ കേരളത്തെ അപമാനിക്കുന്ന പരാമർശം നടത്തിയയെന്ന വിവാദത്തിൽപ്പെട്ട മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിക്കു മറുപടിയുമായി ശശി തരൂർ എംപി. ചില ഇടുങ്ങിയ മനസുകൾ മലയാളികൾക്കെതിരെ അപമാനകരമായ ആക്രമണങ്ങൾ നടത്തുകയാണെന്ന് പ്രൗഡ് ടു ബി മലയാളി എന്ന ഹാഷ്ടാഗിൽ എഴുതിയ ട്വീറ്റിൽ തരൂർ കുറ്റപ്പെടുത്തുന്നു.
ഇടുങ്ങിയ മനസിനുള്ളിൽ കഴിയുന്ന ചിലർ മലയാളികൾക്കെതിരേ അപമാനകരമായ ആക്രമണങ്ങൾ നടത്തുകയാണ്. നമ്മൾ എന്തുകൊണ്ടാണ് മലയാളികളായതെന്നു നമുക്ക് പറയാൻ കഴിയും. നമുക്കുവേണ്ടി നമ്മളൊന്നായി നില കൊള്ളേണ്ട സമയമാണിത്. നമ്മൾ എന്തുകൊണ്ട് അഭിമാനമുള്ള മലയാളികളായെന്നു ചിന്തിക്കേണ്ട സമയം.
വലിയ ദുരന്തങ്ങൾ നേരിടുന്നതിൽ നാം കാണിച്ച ഐക്യദാർഢ്യത്തിന്റെയും പ്രതിബദ്ധതയുടേയും അതിശയകരമായ പ്രതികരണം എനിക്ക് അഭിമാനം നൽകുന്നു. ജാതി പീഡനത്തിനെതിരേ ധീരമായി പൊരുതിയ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളും അതിനെ നയിച്ച ശ്രീനാരായണഗുരു, മഹാത്മ അയ്യൻകാളി, ചട്ടന്പി സ്വാമി തുടങ്ങിയവരുമാണ് തങ്ങളെ നയിക്കുന്നതെന്നും തരൂർ ട്വിറ്ററിൽ എഴുതി.
കേരളത്തെ സഹായിക്കാൻ യുഎഇ പ്രഖ്യാപിച്ച 700 കോടിയെ കുറിച്ചുള്ള ചർച്ചയിൽ അവതാരകൻ അർണബ് ഗോസാമി മലയാളികളെ ആക്ഷേപിച്ചു എന്നാരോപിച്ചാണ് വ്യാപക പ്രതിഷേധം. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നാണം കെട്ട ജനത എന്നു കേരളീയരെ അധിക്ഷേപിച്ചു എന്നാണു ഗോസാമിക്കെതിരേയുള്ള ആരോപണം.
സംഭവം പ്രചരിച്ചതോടെ മലയാളികൾ അർണബ് എഡിറ്ററായ റിപ്പബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജിലും അർണബിന്റെ പേജിലും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. റിപ്പബ്ലിക്ക് ടിവിയുടെ ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ റേറ്റിംഗ് കുറച്ച് കൊണ്ടും സൈബർ മലയാളികൾ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നു.
കേരളം അതിജീവിച്ചു കൊണ്ടിരിക്കുന്ന അതിരൂക്ഷ പ്രളയ കാലത്ത് ഒരു തരത്തിലുള്ള അനുഭാവവും പ്രകടിപ്പിക്കാത്ത ഗോസാമി അധിക്ഷേപിച്ചതിനെതിരേയുള്ള രോഷ പ്രകടനങ്ങളായിരുന്നു അധികവും. അതേസമയം ഗോസാമി ഒരു പ്രത്യേക വിഭാഗത്തെ മാത്രമാണ് ഉദ്ദേശിച്ചതെന്ന മറുവാദവുമായും ചിലർ രംഗത്തെത്തിയിട്ടുണ്ട്.