മലയാള സിനിമയിലെ വില്ലന്മാരുടെ ലിസ്റ്റെടുത്താൽ ഉറപ്പായും ഉണ്ടാകുന്ന പേരുകളിൽ ഒന്നാണ് അബു സലിമിന്റേത്. പോലീസ് യൂണിഫോം അഴിച്ചു വച്ച് വില്ലനായി മലയാള സിനിമയിൽ ചുവടുറപ്പിച്ച അബു സലിം പിന്നീട് കോമഡി വേഷങ്ങളിലും തിളങ്ങിയ ആളാണ്.
ഒരു സമയത്ത് വളരെ വൈറലായ ഒരു ഫോട്ടോയായിരുന്നു അബു സലീമും അർണോൾഡും കൂടിയുള്ള ഒന്ന്. ആ ഫോട്ടോ കണ്ട പലർക്കും ആ ഫോട്ടോയ്ക്കു പിന്നിലുള്ള കാര്യം പിടികിട്ടിയിരുന്നുല്ല. അതിനു പിന്നിൽ ഒരു കഥ തന്നെയുണ്ട്.
അർണോൾഡിന്റെ കടുത്ത ഫാനാണ് അബു സലിം. ആ ആരാധന സിനിമാ ലോകത്തെ മിക്കവർക്കും അറിയാം. എന്നെങ്കിലും അർനോൾഡിനെ നേരിൽ കണ്ടിട്ട് ഒന്നിച്ചുള്ള ഒരു ചിത്രമെടുക്കണം എന്നായിരുന്നു അബു സലീമിന്റെ സ്വപ്നം.
അങ്ങനെയിരിക്കെ ഒരു ദിവസം തമിഴ് നടൻ വിക്രം അബു സലീമിനെ ഫോണ് ചെയ്തു. അർണോൾഡ് ഇവിടെയുണ്ട്, എത്രയും വേഗം ഹോട്ടലിലേക്ക് വരൂ എന്ന്. ആവേശത്തോടെ അബു സലിം ഹോട്ടലിലേക്ക് പാഞ്ഞു.
എന്നാൽ കനത്ത സെക്യൂരിറ്റി മൂലം കടന്നു പോകാൻ സാധിച്ചില്ല. പോലീസ് രംഗത്തെ പരിചയം കൊണ്ട് അബു സലിം എങ്ങനെയൊക്കെയോ ഹോട്ടലിൽ കടന്നു. ആൾക്കൂട്ടത്തിൽ അർണോൾഡിനെയും കാത്തു നിന്നു.
തന്നെ നോക്കിനിൽക്കുന്ന അബു സലീമിനെ അർനോൾഡും ശ്രദ്ധിച്ചു. ബോഡി ബിൽഡർ ആണോ എന്ന് ചോദിച്ചു. അതെ സിനിമ നടനും കൂടിയാണ് എന്ന് പറഞ്ഞപ്പോൾ അർണോൾഡിനു വളരെ സന്തോഷമായി.
അബു സലീമിനെ ചേർത്ത് പിടിച്ച് ഒരു ചിത്രവും എടുത്തിട്ടാണ് അർണോൾഡ് യാത്രയായത് . സന്തോഷാധിക്യം കൊണ്ട് കണ്ണ് നിറഞ്ഞ അബു സലീമിന്റെ ചിത്രം ഇപ്പോളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
-പി.ജി