സമ്പൂർണ സൂര്യഗ്രഹണസമയത്ത് നാസ വിക്ഷേപിച്ച റോക്കറ്റ് ദൗത്യത്തിനു ചുക്കാൻ പിടിച്ചത് ഇന്ത്യൻ വംശജൻ. ഫ്ളോറിഡയിലെ എംബ്രി-റിഡിൽ എയ്റോനോട്ടിക്കൽ യൂണിവേഴ്സിറ്റിയിലെ എൻജിനീയറിംഗ് ഫിസിക്സ് പ്രഫസറായ അരോഹ് ബർജാത്യയാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.
ബഹിരാകാശ, അന്തരീക്ഷ ഉപകരണ ലാബിനെ നയിക്കുന്നത് അരോഹ് ബർജാത്യയാണെന്ന് നാസ പ്രസ്താവനയിൽ അറിയിച്ചു. സൂര്യഗ്രഹണസമയത്ത് മൂന്നു റോക്കറ്റുകളാണ് നാസ വിക്ഷേപിച്ചത്. വിർജീനിയയിലെ നാസയുടെ വാലോപ്സ് ഫ്ലൈറ്റ് ഫെസിലിറ്റിയിൽനിന്നാണ് റോക്കറ്റുകൾ വിക്ഷേപിച്ചത്.
കെമിക്കൽ എൻജിനിയറായ അശോക് കുമാർ ബർജത്യയുടെയും രാജേശ്വരിയുടെയും മകനായ അരോഹ് മുംബൈ, ഹൈദരാബാദ്, ജയ്പുർ, പിലാനി, സോലാപുർ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
സോലാപുരിലെ വാൽചന്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബിരുദം കരസ്ഥമാക്കി. 2001ൽ അദ്ദേഹം യുഎസിലെ യൂട്ടാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം അതേ സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടി.