കാട്ടാക്കട: ആയോധന കലയിൽ പലവിധ റിക്കാഡ് നേട്ടങ്ങളുണ്ടെങ്കിലും ആയിരം പൗണ്ട് വരെ പ്രഹരശേഷിയുള്ള ചൈനീസ് ആയുധമായ നഞ്ചക്ക് കറക്കി റിക്കാർഡ് കൈവരിച്ചിരിക്കുകയാണ് അരൂജ്.
അഗസ്ത്യമലയുടെ താഴ്വാരമായ കുറ്റിച്ചൽ കോട്ടൂർ മാങ്കുടി ഉഷാഭവനിൽ കുട്ടൻ ഉഷാകുമാരി ദമ്പതികളുടെ മകനാണ് അരൂജ്. കൈവിരലുകൾക്കിടയിലൂടെ നഞ്ചക്ക് അതിവേഗം കറക്കി നഞ്ചക്ക് റിസ്റ്റ് റോളിൽ അരൂജ് സ്വന്തമാക്കിയത് .
പതിനഞ്ചുമിനിട്ട് നേരം തുടർച്ചയായി നെഞ്ചക്ക് അനായാസം കറക്കിയാണ് അരൂജ് ഈ അപൂർവ നേട്ടം കൈവരിച്ചത്.ഇന്ത്യ ബുക്ക് ഒഫ് റിക്കാർഡ്, ഏഷ്യ ബുക്ക് ഒഫ് റിക്കാർഡ്, ഇന്റർനാഷണൽ ബുക്ക് ഒഫ് റിക്കാർഡ്, കലാം വേൾഡ് റിക്കാർഡ്, നോബൽ വേൾഡ് റിക്കാർഡ്, ബ്രാവോ ഇന്റർനാഷണൽ ബുക്ക് ഒഫ് വേൾഡ് റിക്കാർഡ് എന്നിങ്ങനെ ആറ് റിക്കാർഡുകളാണ് അരൂജ് സ്വന്തമാക്കിയത്.
അഞ്ചു വയസ് മുതൽ കുങ്ഫു ആൻഡ് യോഗ ഫെഡറേഷൻ കേരളയുടെ കീഴിൽ കുങ് ഫു അഭ്യസിക്കുന്ന അരൂജ് തിരുവനന്തപുരത്തെ സീനിയർ ഇൻസ്ട്രക്ടറാണ് .
നെഞ്ചക്ക് ഉപയോഗിച്ച് സ്പാർക്ക് ഉണ്ടാക്കി തീ കത്തിക്കുക, കിക്ക് ചെയ്തു ബോട്ടിൽ ക്യാപ് തെറിപ്പിക്കുക, കെട്ടിവച്ച തീപ്പെട്ടികൊള്ളികൾ കിക്ക് ചെയ്തു കത്തിക്കുക, നഞ്ചക്ക് ഉപയോഗിച്ച് ബോട്ടിൽ ക്യാപ് തെറിപ്പിക്കുക തുടങ്ങി വ്യത്യസ്തമായ നിരവധി വിസ്മയ പ്രകടനങ്ങളും അരൂജ് നടത്തുന്നുണ്ട്.
ഷാവോലിൻ കുങ്ഫുവിൽ കഴിഞ്ഞ പത്തുവർഷമായി അരൂജ് നിരവധിപേർക്ക് പരിശീലനവും നൽകുന്നുണ്ട്. കൂടാതെ ഇന്തോനേഷ്യൻ ആർട്ട് ആയ പെൻസാക് സിലാട്ട് എന്ന സ്പോർട്സ് ആർട്ടും പഠിപ്പിക്കുന്നുണ്ട് പെനാക് സിലാട്ട് കേരള സ്റ്റേറ്റ് സെക്രട്ടറിയായ എസ്.കെ. ഷാജാണ് ഗുരു.
തന്റെ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാനായി സെൽഫ് ഡിഫെൻസ് ബൈ അരൂജ് എന്ന യൂ ട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. ഭാര്യ: സംഗീത സത്യൻ.