അരൂർ: തെരഞ്ഞെടുപ്പ് പരാജയഭീതി മൂലം ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളുടെ പിന്തുണ ഉറപ്പാക്കാൻ സിപിഎം നേതൃത്വം നടത്തുന്ന നീക്കം ആശങ്കാജനകമാണെന്ന് അരൂരിൽ ചേർന്ന മുസ്ലീം ലീഗ് ജില്ല ഭാരവാഹികളുടെ യോഗം വിലയിരുത്തി. യുഡിഎഫ് അരൂരിൽ കാഴ്ചവെക്കുന്നത് രാഷ്ട്രീയ മത്സരമാണ്. മികവുറ്റ സ്ഥാനാർഥിയാണ് യുഡിഎഫ് അവതരിപ്പിച്ചിട്ടുള്ളത്. ഷാനിമോൾക്ക് മണ്ഡലത്തിൽ ലഭിക്കുന്ന വർധിച്ച സ്വീകാര്യതയാണ് സിപിഎമ്മിനെ സംഘപരിവാറിന് പിന്നാലെപോകാൻ പ്രേരിപ്പിക്കുന്നത്.
ജനങ്ങളുടെ സമാധാന ജീവിതം തകർത്തെറിഞ്ഞ കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരായ ജനവിധിയാകും അരൂർ തെരഞ്ഞെടുപ്പിൽ ഉണ്ടാവുക. വ്യക്തി ഹത്യയും കള്ളക്കേസുകളും അവസാനിപ്പിച്ച് ജനകീയ വിധിക്കായി കാത്തിരിക്കാൻ സിപിഎം തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് എ.എം. നസീർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ പി.എം.എ. സലാം, ടി.എം. സലിം, മുൻ മന്ത്രി മഞ്ഞളാംകുഴി അലി എംഎൽഎ, മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി എച്ച്. ബഷീർകുട്ടി, വൈസ് പ്രസിഡന്റുമാരായ പി. ഷാഹുൽ ഹമീദ് റാവുത്തർ, എസ്. കബീർ, ഇ.വൈ.എം. ഹനീഫ മൗലവി, സെക്രട്ടറിമാരായ എസ്.എ. അബ്ദുൽ സലാം ലബ്ബ, എ.എ. റസാഖ്, എസ്. നുജുമുദ്ദീൻ, ബി.എ. ഗഫൂർ എന്നിവർ പങ്കെടുത്തു. തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് പഞ്ചായത്ത് അടിസ്ഥാനത്തിൽ നേതാക്കൾക്ക് യോഗം ചുമതല നൽകി.