തുറവൂർ: മുഖ്യമന്ത്രി നേരിട്ടിറങ്ങി വീടുകൾ കയറി വോട്ടഭ്യർഥിച്ചിട്ടും അരൂരിൽ എൽഡിഎഫ് സ്ഥാനാർഥി മനു സി. പുളിക്കൽ പരാജയപ്പെട്ടത് എൽഡിഎഫിൽ വൻ ചർച്ചയാകുന്നു. സിപിഎമ്മിന്റെ മണ്ഡലത്തിലെ പ്രമുഖ നേതാക്കളുടെ ബൂത്തിലും ഇടതുപക്ഷ സ്ഥാനാർഥി പിന്നിൽ പോയത് പാർട്ടി ഘടകങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്. പത്തിൽ ഏഴു പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫിന് ഒരു പഞ്ചായത്തിൽ പോലും മുന്നേറ്റം ഉണ്ടാക്കുവാൻ സാധിക്കാതിരുന്നതും പാർട്ടിൽ ചർച്ചയായിരിക്കുകയാണ്.
സംസ്ഥാന ഭരണത്തിന്റെ മുഴുവൻ സ്വാധീനവും പാർട്ടി നേതൃത്വവും മന്ത്രിമാരും നേരിട്ടിറങ്ങി പ്രവർത്തിച്ചിട്ടും എൽഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടത് മുന്നണിയിൽ തന്നെ വൻ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. സിപിഐ ഉൾപ്പെടെയുള്ള മറ്റു ഘടകകക്ഷികളെ തഴഞ്ഞ് സിപിഎമ്മിന്റെ ഏകപക്ഷിയമായ പ്രവർത്തനങ്ങൾ പരാജയത്തിന് ഒരു കാരണമായതായി ഘടകകക്ഷി നേതാക്കൾ തന്നെ പറയുന്നു. തെരഞ്ഞെടുപ്പിന് ശേഷം ലോക്കൽ കമ്മിറ്റി വഴിയുള്ള കണക്കെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥനാർഥി മനു സി. പുളിക്കൽ പതിനായിരത്തിലധികം വോട്ടിൽ വിജയിക്കുമെന്നാണ് കണക്ക് കൂട്ടിയിരുന്നത്.
എന്നാൽ കീഴ്ഘടകങ്ങൾ നേതൃത്വത്തെ തെറ്റിധരിപ്പിക്കുകയായിരുന്ന എന്നുള്ള കാര്യവും വരും ദിവസങ്ങളിൽ ചർച്ചയാകും. സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിൽ നിന്ന് സിപിഎമ്മിന്റെ പ്രവർത്തകർ എത്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തപ്പോൾ പ്രാദേശിക പ്രവർത്തകരുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പിന്നോക്കം പോകലും പരാജയത്തെ സാരമായി ബാധിച്ചു. മണ്ഡലത്തിലെ പല വീടുകളിലും ഒരു തവണ പോലും എൽഡിഎഫ് പ്രവർത്തകർ വോട്ടഭ്യർഥിച്ച് എത്തുകയോ അഭ്യർഥനകൾ നൽകുകയോ ചെയ്തിട്ടില്ല.
പി. ജയരാജൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നേരിട്ട് നിയന്ത്രിച്ചിരുന്ന പ്രദേശങ്ങളിൽ പോലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വൻ വീഴ്ചയാണ് ഉണ്ടായത്. മണ്ഡലത്തിലെ ചുവപ്പു കോട്ടകളിൽ പോലും വിള്ളൽ വീഴ്ത്തുവാൻ ഷാനിമോൾക്ക് സാധിച്ചത് സാധാരണ സി പി എം പ്രവർത്തകർ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നതിന്റെ തെളിവാണ്. ഇതും വരും ദിവസങ്ങളിൽ വൻ ചർച്ചയാകും.