ഡൊമനിക് ജോസഫ്
അഞ്ച് ഉപതെരെഞ്ഞെടുപ്പുകൾ നടന്നതിൽ അട്ടിമറി വിജയം നേടിയ തിളക്കം സിപിഎമ്മിന് ഉണ്ടായപ്പോഴും അരൂരിലെ പരാജയം സിപിഎമ്മിൽ പൊട്ടിത്തെറിക്ക് കാരണമായി. ആരൂർ കൂടി വിജയിച്ചിരുന്നുവെങ്കിൽ സിപിഎമ്മിനും സർക്കാരിനും അഭിമാനം വാനോളം ഉയർത്തി തലഉയർത്തി നിൽക്കാമായിരുന്നു. വർഷങ്ങളായി ചെങ്കൊടി പാറിച്ച മണ്ഡലത്തിലെ അപ്രതീക്ഷത തോൽവിയിൽ ജില്ല നേതൃത്വം പകച്ചു നിൽക്കുകയാണ്.
ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റിൽ തോൽവി സംബന്ധിച്ച റിപ്പോർട്ട് സമർപിക്കുവാനായി ഇന്നലെ രാത്രിയിൽ ചേർന്ന കമ്മറ്റിയിൽ നേതാക്കൾ തമ്മിൽ വലിയ വാഗ്വാദങ്ങൾ ഉയർന്നു. ചിട്ടയായ പ്രവർത്തനങ്ങളും മറ്റും നടന്നുവെങ്കിലും നേതാക്കൾ തമ്മിലുള്ള സൗന്ദര്യപിണക്കവും നേതാക്കൾ തന്നെ രണ്ടും മൂന്നും ഗ്രൂപ്പായി നിന്നതുമെല്ലാം തോൽവിക്ക് കാരണമായതായി കമ്മിറ്റിയിൽ ആരോപണം ഉയർന്നു.
എന്നാൽ ഒരു മതന്യൂന പക്ഷം ഒറ്റകെട്ടായി നിന്ന് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതാണ് പരാജയത്തിന്റെ പ്രധാന കാരണമെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. രണ്ട് വൻവിജയവും എറണാകുളത്തെ ഭൂരിപക്ഷം കുറച്ചതുമെല്ലാം നിഷ്ഫലമാകുന്ന തരത്തിലാണ് അരൂരിലെ പരാജയമെന്ന തരത്തിലാണ് ചർച്ചകൾ ഉയർന്നു വന്നത്.
എൽഡിഎഫിനൊപ്പം എന്നും നിൽക്കുന്ന അരൂർ അനായാസം വിജയിക്കുമെന്ന നേതാക്കളുടെ അമിതമായ വിശ്വാസം മൂലം പലപ്പോഴും പ്രവർത്തനങ്ങളിൽ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സിപിഎമ്മിന് മൊത്തത്തിൽ നാണക്കേട് ഉണ്ടാക്കിയ അരൂരിലെ പരാജയ കാരണം കീറിമുറിച്ച് പരിശോധിക്കുവാനാണ് സിപിഎം നേതൃത്വത്തിൽ ഉണ്ടായിരിക്കുന്ന ധാരണ.
ഏതെങ്കിലും പ്രദേശത്ത് നേതാക്കൾ വേണ്ടത്ര ജാഗ്രതയോടെ പ്രവർത്തക്കാതിരുന്നോ എന്നത് സംബന്ധിച്ച് അതാത് ചാർജ്ജുകാരോട് റിപ്പോർട്ട് ആവശ്യപ്പെടും. പ്രദേശികമായി ലഭിക്കുന്ന റിപ്പോർട്ടുകൾ പരിശോധിച്ച് വീഴ്ച പറ്റിയവർക്കെതിരെ നടപടികൾ എടുക്കുവാനാണ് നീക്കം. അരൂരിലെ പരാജയം ജില്ലയിൽ സിപിഎമ്മിനുള്ളിൽ നിലനിൽക്കുന്ന വിഭാഗീയത കൂടുതൽ രൂക്ഷമാകും. പരസ്യമായ വിഴുപ്പലക്കില്ലെങ്കിലും കമ്മിറ്റികൾക്കുള്ളിൽ ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ഈ തോൽവി കാരണമാകും. സിപിഎം സംസ്ഥാന നേതൃത്വവും അരൂരിലെ പരാജയം സംബന്ധിച്ച് അന്വേഷണം നടത്തും.