അരൂർ: ശബരിമലയ്ക്കു വേണ്ടി നിയമസഭ നിയമനിർമാണം നടത്തിയാൽ ബിജെപി അതിനെ പിന്തുണക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള പറഞ്ഞു. എൻഡിഎ സ്ഥാനാർഥി കെ.പി. പ്രകാശ് ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു ശ്രീധരൻ പിള്ള.
കേരളത്തിന്റെ റൂൾ നന്പർ മൂന്ന് ആണ് കോടതി എടുത്തുകളഞ്ഞത്. അതു കൊണ്ടു തന്നെ സംസ്ഥാന സർക്കാർ തന്നെ നിയമ നടപടി സ്വീകരിക്കണം. ബിജെപി എന്നും വിശ്വാസികൾക്ക് ഒപ്പമാണ്. അവസാന ശ്വാസം നിൽക്കുന്നിടത്തോളം ശബരിമല വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കും.
സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ അവസാന വിധി വരുന്നതുവരെ കാത്തിരിക്കും. വിധി അനുകൂലമായിരിക്കുമെന്നാണ് കരുതുന്നത്. നിയമസഭയിൽ ബിജെപി പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും എൽഡിഎഫും യുഡിഎഫും മൗനം പാലിക്കുകയാണ്.
ഭരണകൂടം വിശ്വാസികളെ അടിച്ചമർത്തുകയും അവരോട് ക്രൂരമായി പെരുമാറുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ട്വിറ്ററിൽ ശബരിമലയിൽ സ്ത്രീകൾ കയറണമെന്നാണ് പറഞ്ഞിരിക്കുന്നത്. അവർ നടത്തിയ സമരം പാതിവഴിയിൽ ഉപേക്ഷിച്ചു.
കേരളത്തിലെ അഞ്ചു മണ്ഡലങ്ങൾ സന്ദർശിച്ചപ്പോൾ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ യുടെ എംഎൽഎ മാർ ഉണ്ടാകുമെന്നാണ് മനസ്സിലാകുന്നത്. ഇരു മുന്നണികളും എൻഡിഎയുടെ മുന്നേറ്റത്തെ തടയിടാൻ ശ്രമിക്കുന്നു. ബിഡിജഐസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. തുഷാർ അത് വ്യക്തമാക്കിയിട്ടുണ്ടെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.