തുറവൂർ: നിയമസഭ ഉപതെരഞ്ഞെടുപ്പിനായി ഒരുക്കങ്ങൾക്കു തുടക്കമിട്ട് അരൂരിൽ മുന്നു മുന്നണികളുടേയും നേതൃയോഗങ്ങൾ നടന്നു. ഉപതെരഞ്ഞെടുപ്പിന് മണ്ഡലത്തിന്റെ ചാർജ് നൽകിയിട്ടുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് യോഗങ്ങൾ നടന്നത്. ചുവരെഴുത്തിനുള്ള ഭിത്തികൾ ബുക്കുചെയ്തു തുടങ്ങി.
പുറത്തു നിന്ന് വരുന്ന പ്രവർത്തകർക്കും നേതാക്കൾക്കും താമസിക്കാനുള്ള മുറികളും വീടുകളും വാടകയ്ക്ക് എടുത്തു തുടങ്ങി. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്ന ജോലികൾ ആരംഭിച്ചു. ഇതിനായി പ്രത്യേക ടീമിനെ തന്നെ ഓരോ പഞ്ചായത്തിലേയ്ക്കും നിയോഗിച്ചു. നിലവിൽ കഴിഞ്ഞ ജനുവരിയിൽ പതിനെട്ടു വയസ് തികഞ്ഞവരുടേയും വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് പുറത്തായവരുടേയും പേരുകളാണ് ചേർത്ത് തുടങ്ങിയിരിക്കുന്നത്.
വാർഡുകൾ തോറും ഇതിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് തീരുമാനം. സ്ഥാനാർഥി നിർണയ ചർച്ചകളും അണിയറയിൽ ആരംഭിച്ചു കഴിഞ്ഞു. യുഡിഎഫിന്റെ സ്ഥാനാർഥി സാധ്യതപട്ടികയിൽ ഷാനിമോൾ ഉസ്മാനാണ് മുൻതൂക്കം. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിറ്റിങ്ങ് എംഎൽഎ ആയിരുന്ന ആരിഫിനേക്കാളും അറുന്നൂറിലധികം വോട്ടിന്റെ ഭൂരിപക്ഷം അരൂർ നിയോജക മണ്ഡലത്തിൽ ഷാനിമോൾ ഉസ്മാന് ഉണ്ടായിരുന്നു.
ഇതാണ് ഷാനിമോൾ ഉസ്മാന് നിലവിൽ സ്ഥാനാർഥി നിർണയത്തിൽ മുൻതൂക്കം ലഭിക്കാൻ കാരണം. മുൻ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂർ, സി.ആർ. ജയപ്രകാശ്, കെ.ഉമേശൻ, കെ. രാജീവൻ, ദിലീപ് കണ്ണാടൻ എന്നിവരുടെ പേരുകളും പറയപ്പെടുന്നു.
എൽഡിഎഫിന്റെ സ്ഥാനാർഥി പട്ടികയിൽ ഡിവൈഎഫ്ഐ നേതാവ് മനു.സി.പുളിക്കലിന്റെ പേരാണ് പ്രധാനമായും പരിഗണിക്കുന്നത്. കൂടാതെ സി.ബി ചന്ദ്രബാബു, ദെലീമ ജോജോ, ആർ. നാസർ എന്നിവരുടെ പേരുകളാണ് മുഖ്യമായും പരിഗണിക്കപ്പെടുന്നത്.
എൻഡിഎ മുന്നണിയുടെ സ്ഥാനാർഥിയായി ആരു മത്സരിക്കുമെന്നുള്ള ചർച്ച നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ ബിഡിജെസിനായിരുന്നു ഇവിടെ സീറ്റ്. സീറ്റ് നിലനിർത്തുക എന്ന ലക്ഷ്യവുമായി എൽഡിഎഫും, സീറ്റ് പിടിച്ചെടുക്കാൻ യുഡിഎഫും, വോട്ട് വർധിപ്പിക്കുവാൻ എൻഡിഎയും ശക്തമായ കരുനീക്കമാണ് നടത്തുന്നത്.