ചേർത്തല: അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ മത്സരിക്കുന്ന വിമത വനിത സ്ഥാനാർഥിയുടെ പിന്നിൽ പരാജയഭീതി പൂണ്ട സിപിഎമ്മിന്റെ നെറികെട്ട രാഷ്ട്രീയമാണെന്ന് യൂത്ത് കോണ്ഗ്രസ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
യൂത്ത് കോണ്ഗ്രസ് ഭാരവാഹിയെന്ന പേരിൽ അരൂരിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ഗീതാഅശോകിന് നിലവിൽ സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും ഇവരെ രണ്ടുവർഷം മുന്പ് സംഘടനയിൽ നിന്നും, ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കിയതാണെന്നും യൂത്ത് കോണ്ഗ്രസ് ജില്ല പ്രസിഡന്റ് എസ്.ദീപു, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ശരത്, വൈസ് പ്രസിഡന്റ് അവിനാശ് ഗംഗൻ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ എസ്.രാജേഷ്, എൻ.പി. വിമൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
യുവജനങ്ങളെയാകെ വഞ്ചിച്ച ചരിത്രമാണ് എൽഡിഎഫിന് ഉള്ളത്. യുവജനങ്ങൾക്ക് ഏറെ പ്രതീക്ഷയുള്ള പിഎസ്സി പരീക്ഷയിൽ പോലും കൃത്രിമം നടത്തി അവരെ വഞ്ചിച്ചു. യുവാക്കളുടെ പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു കണ്ടാണ് ഇത്തരത്തിൽ പ്രചരണങ്ങൾ നടത്തുന്നത്. യുവജനങ്ങൾക്ക് അർഹമായ അവസരങ്ങളെല്ലാം തന്നതാണ് കോണ്ഗ്രസ് പ്രസ്ഥാനം. മറിച്ചുള്ള വാദങ്ങൾ അപ്രസക്തമാണ്.
അരൂരിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി യുഡിവൈഎഫ് നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡുകൾ രൂപവത്കരിച്ചു രംഗത്തിറങ്ങും. യുവജന വഞ്ചനയും കൊലപാതക രാഷ്ട്രീയവും വിശദീകരിച്ചാകും ഭവനസന്ദർശനം. പത്ത് മുതൽ പെരിയ കൊലപാതകത്തിലെ ഇരകളുടെ ബന്ധുക്കളെയടക്കം പങ്കെടുപ്പിച്ചു മണ്ഡലത്തിൽ പ്രചരണ ജാഥ നടത്തുമെന്നും യൂത്ത് കോണ്ഗ്രസ് ഭാരവാഹികൾ പറഞ്ഞു.