
കോട്ടയം: കാമുകിയെ കാണാൻ കാമുകൻ എത്തിയ ക്വാറന്റൈൻ കേന്ദ്രത്തിൽ സൗകര്യങ്ങളില്ലെന്ന് പരാതി. ആർപ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്നവർക്കു കൃത്യമായി ഭക്ഷണവും വെള്ളവും എത്തിക്കുന്നില്ലെന്നും പരാതിയുണ്ട്.
പലപ്പോഴും കുടിവെള്ളം ആവശ്യപ്പെട്ടു മണിക്കൂറുകൾ കഴിഞ്ഞാണു വെള്ളം എത്തിക്കുന്നത്. ഇവിടെനിന്ന് മാലിന്യങ്ങളും നീക്കം ചെയ്യുന്നില്ല.
കനത്ത ദുർഗന്ധം മൂലം ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് ആർക്കും കയറാൻ പോലും സാധിക്കാത്ത സാഹചര്യമാണ്. കൃത്യമായ ഭക്ഷണം വെള്ളവും എത്തിക്കാത്തതിനാൽ ഇവിടെ കഴിയുന്നവർ പലപ്പോഴും പുറത്തേക്ക് ഇറങ്ങുകയാണ്.
ഇതു പ്രദേശത്തെ മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഏറെ ആശങ്കയാണ് ഉണ്ടാക്കുന്നത്. ക്വറന്റൈൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ച സമയത്ത് നിരവധി ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞതോടെ ഉദ്യോഗസ്ഥർ ഇവിടേക്ക് വരാത്ത സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും പരാതിയുണ്ട്. ഇവിടെ മേൽനോട്ടത്തിനും നിയന്ത്രണത്തിനു ആളില്ലാതായതോടെയാണ് ഇന്നലെ കാമുകൻ എത്തിയതു പോലെയുള്ള സംഭവത്തിനു പിന്നിലെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു.