വിതുര : വൈദ്യശാലയുടെ മറവിൽ ചാരായ നിർമാണവും കഞ്ചാവ് വിൽപ്പനയും നടത്തിയവരെ ചാരായവും കഞ്ചാവും വെടിയുണ്ടയും വന്യമൃഗങ്ങളുടെ ശരീര ഭാഗങ്ങളുമായി അറസ്റ്റ് ചെയ്തു.
വിതുര ജംഗ്ഷനിൽ അഗസ്ത്യ എന്നപേരിൽ ആയുർവേദ വൈദ്യശാല നടത്തുന്ന പൊന്നാംചുണ്ട് സുരേഷ് ഭവനിൽ വിക്രമൻ (69), സഹായിയായ കല്ലുവെട്ടാൻകുഴി ഫിറോസ് മൻസിലിൽ വാടകക്ക് താമസിക്കുന്ന സഞ്ജു (45) എന്നിവരാണ് അറസ്റ്റിലായത്.
വിക്രമന്റെ വീട്ടിൽ നിന്നും അരക്കിലോ കഞ്ചാവ്, മ്ലാവ്, മാൻ, കാട്ടുപോത്ത് എന്നിവയുടെ കൊമ്പുകളും മുള്ളൻപന്നി, കാട്ടുപന്നി, മയിൽ, മലയണ്ണാൻ, എന്നിവയുടെ ശരീരഭാഗങ്ങളും കണ്ടെടുത്തു.
സഞ്ജുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 20 ലിറ്ററോളം ചാരായവും 100 ലിറ്ററോളം വാഷും മറ്റ് വാറ്റുപകരണങ്ങളും മുപ്പതോളം വെടിയുണ്ടകളും പിടിച്ചെടുത്തത്.
പോലീസ് സ്ഥലത്തെത്തുമ്പോൾ ഇയാൾ ചാരായ നിർമാണത്തിലായിരുന്നു. ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.പതിനഞ്ചോളം പോലീസുകാർ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി പി.കെ. മധുവിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നെടുമങ്ങാട് എഎസ്പി രാജ്പ്രസാദ്, വിതുര ഇൻസ്പെക്ടർ എസ് ശ്രീജിത്ത്, എസ്ഐ എസ്.എൽ. സുധീഷ്, ഇർഷാദ്, സജു, സജികുമാർ, പ്രദീപ്, രജിത്, ശ്യാം, വിനു, അനിൽ, സുജിത് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. മൃഗങ്ങളുടെ ശരീരഭാഗങ്ങൾ വനം അധികൃതർക്ക് കൈമാറി.