കൊച്ചി: ലക്ഷങ്ങളുടെ മാരകമയക്കുമരുന്നുമായി യുവതിയുള്‍പ്പെടെ മൂന്നു പേരെ പോലീസ് പിടികൂടി. കാസര്‍ഗോഡ് വടക്കേപ്പുറം പടന്ന നഫീസത്ത് വില്ലയില്‍ വി.കെ. സമീര്‍(35), കോതമംഗലം നെല്ലിമറ്റം മുളമ്പായില്‍ അജ്മല്‍ റസാഖ് (32), വൈപ്പിന്‍ പെരുമ്പിള്ളി ചേലാട്ട് ആര്യ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് 46 ഗ്രാം സിന്തറ്റിക് ഡ്രഗ്സായ എംഡിഎംഎ, 1.280 കിലോ ഹാഷിഷ് ഓയില്‍, 340 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.
സിറ്റി ഡാന്‍സാഫ് ടീം, എറണാകുളം സെന്‍ട്രല്‍ പോലീസ് എന്നിവയുടെ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. സമീര്‍ വര്‍ഷങ്ങളായി മലേഷ്യയില്‍ ജോലി ചെയ്ത ശേഷം തിരിച്ചെത്തി കൊച്ചിയില്‍ ഹോട്ടല്‍, സ്റ്റേഷനറി കടകള്‍ നടത്തുകയാണ്.
ഇതിന്റെ മറവിലാണ് ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ലഹരിമരുന്ന് വിറ്റഴിക്കുന്നത്. ഒരു ഗ്രാം എംഡിഎംഎയ്ക്ക് 5,000 രൂപമുതല്‍ 6,000 രൂപയ്ക്കും ഹാഷിഷ് ഓയില്‍ മൂന്നു മില്ലിഗ്രാമിന് 1000 മുതല്‍ 2,000 രൂപയ്ക്കുമാണ് വിറ്റിരുന്നത്.
ശനിയാഴ്ച രാത്രി എറണാകുളം സൗത്തിലെ ഫ്ലാറ്റില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ‘ലഹരി മുക്ത കൊച്ചി’ക്കായി സിറ്റി പോലീസ് നടപ്പാക്കുന്ന ‘യോദ്ധാവ് ’ എന്ന വാട്ട്സാപ് വഴിയാണ് പ്രതികളുടെ വിവരങ്ങള്‍ ലഭിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്.
നാര്‍ക്കോട്ടിക് എസിപി ബിജോ ജോര്‍ജ്, സെന്‍ട്രല്‍ എസ്ഐ വിജയ് ശങ്കര്‍, ഡാന്‍സാഫ് എസ്ഐ ജോസഫ് സാജന്, സെന്‍ട്രല്‍ എസ്ഐ കെ.എക്സ്. തോമസ്, വി. വിദ്യ, എസ്പി ആനി, എഎസ്ഐ കെ.ടി. മണി, സീനിയര്‍ സിപിഒ എം.എന്‍. മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.