മാന്നാർ: മെഡിക്കൽ സ്റ്റോറുകളിൽ നിന്നു ഗുളിക വാങ്ങി മയക്കുമരുന്ന് നിർമിക്കുന്ന ലോബിയിലെ പ്രധാനികൾ പിടിയിലായി.
ഗുളികകളുമായി കാപ്പാ പ്രതി ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ജിതിൻ ലാൽ, അനന്ദു അരവിന്ദ് എന്നിവരാണ് മാന്നാർ പോലിസിന്റെ വലയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം മാന്നാർ പോലിസ് സംഘം ആലുമൂട് ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് നമ്പർ ഇല്ലാത്ത ഒരു ബൈക്ക് ശ്രദ്ധയിൽ പെട്ടത്.
പോലീസ് കൈ കാണിച്ച ഉടനെ ബൈക്ക് നിർത്തിക്കുകയും ചെയ്തു. ബൈക്കിൽ വന്നവരിൽ സംശയം തോന്നിയതു കാരണം നടത്തിയ പരിശോധനയിലാണ് ഗുളികകൾ കണ്ടെത്തിയത്. ഡോക്ടറുടെ വ്യാജ കുറിപ്പ് ഉണ്ടാക്കിയാണ് പ്രതികൾ ഗുളികകൾ വാങ്ങുന്നത്.
നൈട്രോസെപാം എന്ന പേരിലുള്ള ഗുളികയുടെ ഒൻപത് സ്ട്രിപ്പുകളിൽ നിന്ന് 86 ഗുളികകൾ പ്രതികളുടെ കയ്യിൽ നിന്ന് പോലിസ് പിടിച്ചെടുത്തു.
ജില്ലയിലെ പുതിയ മെഡിക്കൽ സ്റ്റോറുകൾ കണ്ടെത്തിയാണ് ഈ ഗുളികകൾ വാങ്ങുന്നത്. കുറഞ്ഞ വിലയിൽ വാങ്ങുന്ന നൈട്രോസെപാം എന്ന ഗുളികയുടെ കൂടെ മറ്റ് മയക്കു മരുന്നു ചേരുവകൾ കൂടി ചേർത്ത് കൂടുതൽ ലഹരിയുള്ള മയക്കു മരുന്നാക്കി വൻ വിലയ്ക്കാണ് ഇവർ കച്ചവടം നടത്തുന്നത്.
ആലപ്പുഴ നഗരത്തിലെ പ്രധാന മയക്കുമരുന്ന് സംഘത്തിലെ ആളുകളാണ് ഇവരെന്നും പോലീസിന് സംശയമുണ്ട്.
ആലപ്പുഴ ജില്ലാ പോലിസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശ പ്രകാരം ലഹരി കടത്തുകാരെ പിടികൂടുന്നതിനായി ജില്ലയിൽ ആകെ കർശന പരിശോധനകളാണ് പോലിസ് നടത്തി വരുന്നത്.