മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ വേട്ട. ഒരു കിലോയോളം സ്വർണവുമായി കോഴിക്കോട് പയ്യോളി സ്വദേശിനിയെ കസ്റ്റംസ് പിടികൂടി.
ഇന്ന് രാവിലെ 6.30 ന് ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു സ്ത്രീ. ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയ സ്ത്രീയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ തമിഴ്നാട് സ്വദേശി അബ്ദുൾ ഗഫൂർ ഗുലാമി മൊഹിദ്ദീനി (53) ൽ നിന്ന് 158 ഗ്രാം സ്വർണവും ദുബായിൽ നിന്ന് ഗോ എയർ വിമാനത്തിലെത്തിയ കടവത്തൂർ സ്വദേശി മീത്തലെ കുന്നത്ത് ഇസ്മായിൽ, കാസർഗോഡ് നാറമ്പടി സ്വദേശി ജാവദ് യൂസഫ് എന്നിവരിൽ നിന്നായി രണ്ടു കിലോ 288 ഗ്രാം സ്വർണവും പിടികൂടിയിരുന്നു.
ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും സ്വർണം പിടികൂടിയത്.
കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, യദു കൃഷ്ണ, കെ.വി.രാജു, സന്ദീപ് കുമാർ, സോനിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.